കല്‍പറ്റ- മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയഭൂമിയില്‍നിന്നു അനധികൃതമായി മുറിച്ച ഈട്ടി മരങ്ങള്‍ കടത്തുന്നതിനു ഒത്താശചെയ്തുവെന്നു ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ വനം വകുപ്പ് ജോലിയില്‍ തിരിച്ചെടുത്തു.
റവന്യൂ പട്ടയഭൂമിയില്‍നിന്നു മുറിച്ചതില്‍ 54 കഷണം ഈട്ടി എറണാകുളത്തേക്കു കടത്തിയ 2021 ഫെബ്രുവരി മൂന്നിനു ദേശീയപാതയിലെ ലക്കിടി ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.എസ്.വിനീഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇ.പി.ശ്രീജിത്ത് എന്നിവരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.
സൗത്ത് വയനാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസില്‍നിന്നു അനുവദിച്ച പെര്‍മിറ്റ് ഉപയോഗിച്ച് വാഴവറ്റ് സൂര്യ ടിംബേഴ്‌സില്‍നിന്നാണ് 13.316 മീറ്റര്‍ മരം ലക്കിടി വഴി കടത്തിയത്. ലോഡ് പരിശോധന കൂടാതെ ചെക്‌പോസ്റ്റ് കടത്തിവിട്ടുവെന്നു വനം വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് വിനീഷിനെയും ശ്രീജിത്തിനെയും ജൂണ്‍ 23നു സസ്‌പെന്‍ഡ് ചെയ്തത്.
നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഗസ്റ്റ് 17നു നല്‍കിയ കുറ്റപത്രത്തിനും കുറ്റാരോപണ പത്രികയ്ക്കും അതേമാസം 30നു ശ്രീജിത്തും സെപ്റ്റംബര്‍ 10നു വിനേഷും പ്രതിവാദ പത്രിക സമര്‍പ്പിക്കുകയുണ്ടായി. ഫോം ഫോര്‍ പാസ് സഹിതം എത്തിയ ലോഡ് കടത്തിവിട്ടതില്‍ വീഴ്ച ഉണ്ടായില്ലെന്നു വിശദീകരിക്കുന്നതായിരുന്നു ഇരുവരുടെയും പ്രതിവാദ പത്രിക.
മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒ.ആര്‍.1/2021 നമ്പര്‍ കേസില്‍ ഉള്‍പ്പെട്ടതാണ് വാഴവറ്റ സൂര്യ ടിംബേഴ്‌സില്‍നിന്നു കടത്തിയ തടികള്‍. ജീവനക്കാരെ തിരിച്ചെടുക്കുന്നതു കേസിന്റെ തുടരന്വേഷണത്തെ ബാധിക്കില്ലെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുവരുടെയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്നു നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വിനോദ്കുമാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ജോലിയില്‍ തിരികെ പ്രവേശിപ്പിച്ച രണ്ടു ജീവനക്കാരെയും ചെക്‌പോസ്റ്റ് ഡ്യൂട്ടിയില്‍നിന്നു ഒഴിവാക്കും.
ഈട്ടിക്കടത്തിന്റെ പേരില്‍ ചെക്‌പോസ്റ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിനെതിരെ താഴ്ത്തട്ടിലുള്ള വനപാലകരുടെ സംഘടനകള്‍ ശക്തമായി രംഗത്തുവന്നിരുന്നു. കീഴ്ത്തട്ടിലുള്ളവരെ ബലിയാടുകളാക്കി ഉന്നതരെ രക്ഷപെടുത്താന്‍ നീക്കമുണ്ടെന്ന ആരോപണവും സംഘടനകള്‍ ഉന്നയിക്കുകയുണ്ടായി.