Sorry, you need to enable JavaScript to visit this website.

മോന്‍സണെ കുടുക്കിയതിന് പിന്നില്‍ പ്രവാസി മലയാളി വനിത

കൊച്ചി- മോന്‍സണ്‍ മാവുങ്കലിനെതിരെ മുന്‍ ഡി ജി പി ലോകനാഥ് ബെഹ്‌റ നല്‍കിയ മുന്നറിയിപ്പാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്ററായ അനിത പുല്ലയില്‍. ഫെഡറേഷന്റെ രക്ഷാധികാരിയായ മോന്‍സണുമായി മൂന്നു വര്‍ഷത്തോളം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന തൃശൂര്‍ മാള സ്വദേശിയായ അനിത പുല്ലയിലാണ് മോന്‍സന്റെ തട്ടിപ്പിനിരയായവര്‍ക്ക് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിക്കാന്‍ എല്ലാ സഹായവും ചെയ്തു കൊടുത്തത്.
മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന മുന്നറിയിപ്പ് ആദ്യം തനിക്ക് തന്നത് ലോക്‌നാഥ് ബെഹ്‌റയായിരുന്നുവെന്ന് അനിത പറയുന്നു. അതുവരെ മോന്‍സന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന താന്‍ അതിന് ശേഷമാണ് അയാളെ സംശയിച്ചു തുടങ്ങിയത്. മോന്‍സണെകുറിച്ച് കേട്ട കാര്യങ്ങള്‍ മോന്‍സണോട് നേരിട്ട് ചോദിച്ചെങ്കിലും ഈ ചോദ്യങ്ങളില്‍നിന്ന് മോന്‍സണ്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. പലയാളുകളില്‍നിന്നും മോന്‍സണ്‍ പണം തട്ടിച്ചിട്ടുണ്ടെന്ന കാര്യം പിന്നീട് മനസ്സിലാക്കാന്‍ സാധിച്ചു. മോന്‍സനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യാക്കൂബ്, ഷെമീര്‍ അടക്കമുള്ള ആറു പേരെ പരാതി കൊടുക്കാന്‍ നിര്‍ബന്ധിച്ചത് അനിതയാണ്. പണം നഷ്ടപ്പെട്ട മറ്റ് പലരും കേസ് ഭയന്ന് മുന്നോട്ട് വരാന്‍ തയാറായില്ല.
അനിത തനിക്കെതിരായെന്ന് മനസ്സിലാക്കിയ മോന്‍സണ്‍ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രവാസി സംഘടനയുടെ പ്രമുഖ നേതാവ് എന്ന നിലയില്‍ പോലീസിലും ഭരണതലത്തിലും സ്വാധീനമുള്ള അനിത ഉറച്ച നിലപാടുമായി മുന്നോട്ടു പോയി. അനിതയെ അസഭ്യം പറയാന്‍ മോന്‍സണ്‍ ചേര്‍ത്തല സിഐ ശ്രീകുമാറിന് നിര്‍ദേശം നല്‍കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഇനി വിളിച്ചാല്‍ അസഭ്യം പറയണമെന്ന് ചേര്‍ത്തല സിഐ ശ്രീകുമാറിനോട് മോണ്‍സണ്‍ പറയുന്നതായി ശബ്ദരേഖയിലുണ്ട്.

 

 

Latest News