Sorry, you need to enable JavaScript to visit this website.

അംറുല്ല സാലെഹിന്റെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാന്‍ പ്രവാസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കാബൂള്‍- അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം അംഗീകരിക്കാത്ത മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലെഹിന്റെ നേതൃത്വത്തില്‍ പുതിയ പ്രവാസി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതായിരിക്കും ഇസ്ലാമിക റിപബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്റെ നിയമപരമായ സര്‍ക്കാര്‍ എന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ അഫ്ഗാന്‍ എംബസി പ്രസ്താവനയിലൂടെ അറിയിച്ചതായാണ് റിപോര്‍ട്ട്. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ രാജ്യം വിട്ട മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ അഭാവത്തില്‍ സാലെഹ് താന്‍ കാവല്‍ പ്രസിഡന്റാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

അഫ്ഗാനിസ്ഥാന്‍ പുറത്തു നിന്നുള്ള ശക്തികളുടെ അധീനതയിലായതിനാല്‍ അഫ്ഗാനിലെ മുതിര്‍ന്നവരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പ്രവാസി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനമെടുത്തതെന്ന് പ്രസ്താവനയില്‍ പറയുന്നു. അഷ്‌റഫ് ഗനിയുടെ അഭാവത്തില്‍ സാലെഹ് ആണ് സര്‍ക്കാരിനെ നയിക്കുന്നതെന്നും പറയുന്നുണ്ട്. അതേസമയം പ്രവാസി സര്‍ക്കാരിലെ മറ്റു അംഗങ്ങളെ കുറിച്ചൊന്നും പ്രസ്താനവയില്‍ പരാമര്‍ശമില്ല. പഞ്ച്ശീറില്‍ അഹ്‌മദ് മസൂദിന്റെ നേതൃത്വത്തില്‍ നടക്കുന്ന താലിബാനെതിരായ പ്രതിരോധ പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും പ്രവാസി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 

Latest News