ശബ്ദരേഖയുമായി പരാതിക്കാര്‍; നേതാക്കള്‍ കൂടെ നില്‍ക്കുന്നത് കാശ് കിട്ടുമെന്ന് അറിയാവുന്നതിനാലെന്ന് മോന്‍സണ്‍

കൊച്ചി-കാശ് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് കെ.സുധാകരന്‍ എം പിയും കെ മുരളീധരന്‍ എം പിയും തന്റെ കൂടെ നില്‍ക്കുന്നതെന്ന് പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍. പരാതിക്കാരിലൊരാളായ അനൂപുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മോന്‍സണ്‍ ഇങ്ങനെ പറയുന്നത്. ശബ്ദരേഖ പരാതിക്കാന്‍ തന്നെ പുറത്തുവിട്ടു.
''സുധാകരന്‍ എംപിയാണ്, മുരളീധരന്‍ എംപിയാണ്. അവരെല്ലാം എന്റെ കാര്യത്തിന് വേണ്ടി പോകുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ പൊട്ടന്മാരാണോ. ഇവരെല്ലാം എന്നെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്തിനാ.. എന്നോടുള്ള പ്രേമം കൊണ്ടാണോ.. അവര്‍ക്കറിയാം. കാശ് കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് അവരൊക്കെ കൂടെ നില്‍ക്കുന്നത്.'' - ഇങ്ങനെയാണ് സംഭാഷണം നീളുന്നത്.
നേരത്തെ കൊച്ചി കലൂരിലെ മോന്‍സണിന്റെ വീട്ടില്‍വച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് അനൂപ് വെളിപ്പെടുത്തിയിരുന്നു. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന കോടിക്കണക്കിനു രൂപ ലഭിക്കാന്‍ ഇടപെടാമെന്ന് തങ്ങളുടെ സാന്നിധ്യത്തില്‍ സുധാകരന്‍ ഉറപ്പുനല്‍കിയെന്ന് മറ്റൊരു പരാതിക്കാരന്‍ പറഞ്ഞിരുന്നു. സുധാകരനും മോന്‍സണും അനൂപും ഇരുന്ന് സംസാരിക്കുന്ന ചിത്രങ്ങള്‍ തെളിവായി ഹാജരാക്കുകയും ചെയ്തു.

 

Latest News