റിയാദ് - സൗദി വനിതയായി ആള്‍മാറാട്ടം നടത്തി വിദേശ വനിത രാജ്യത്ത് കഴിഞ്ഞത് 19 വര്‍ഷം. കുടുംബ കലഹത്തെ തുടര്‍ന്ന് ബന്ധുവായ മറ്റൊരു സ്ത്രീയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വിവരം നല്‍കിയത്. വിദേശ യുവതിയുടെ വ്യാജ സൗദി തിരിച്ചറിയല്‍ കാര്‍ഡാണെന്നാണ് പരാതിക്കാരി അറിയിച്ചത്.
തുടക്കത്തില്‍ തെളിവുകളൊന്നും കൈമാറാന്‍ പരാതിക്കാരിക്ക് സാധിച്ചില്ല. വ്യാജ പരാതിയാകാനുള്ള സാധ്യത സംശയിച്ച സുരക്ഷാ വകുപ്പുകള്‍, വ്യാജ പരാതിയാണെന്ന് തെളിയുന്ന പക്ഷം ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്ന് പരാതിക്കാരിയെ അറിയിച്ചു. തന്റെ പരാതി വ്യാജമാണെന്ന് തെളിയുന്ന പക്ഷം ശിക്ഷകള്‍ നേരിടാന്‍ ഒരുക്കമാണെന്ന് ഇതോടെ പരാതിക്കാരി വ്യക്തമാക്കി.
തുടര്‍ന്ന് ആള്‍മാറാട്ടം നടത്തിയ യുവതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ വിളിച്ചുവരുത്തി പ്രായത്തെ കുറിച്ച് ആരാഞ്ഞു. യുവതി വെളിപ്പെടുത്തിയ പ്രായവും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ പ്രായവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമായി. യുവതി ആള്‍മാറാട്ടം നടത്തുന്നതിനുള്ള ആദ്യ സൂചനയായി ഇത്. ഒരു മണിക്കൂര്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിനിടെ യുവതി കുറ്റസമ്മതം നടത്തുകയും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഉടമ താനല്ലെന്ന് സമ്മതിക്കുകയുമായിരുന്നു.
യുവതിയുടെ ഭര്‍ത്താവായ സൗദി പൗരന്‍ നേരത്തെ മരിച്ചിരുന്നു. സൗദി പൗരന്‍ ആദ്യം യുവതിയുടെ സഹോദരിയെയാണ് വിവാഹം ചെയ്തിരുന്നത്. സഹോദരിയും ഭര്‍ത്താവായ സൗദി പൗരനും സൗദിയില്‍ ഒരുമിച്ചു കഴിയുകയും ഇതിലൂടെ സഹോദരിക്ക് സൗദി പൗരത്വം ലഭിക്കുകയും ചെയ്തു. പിന്നീട് മാരകരോഗം ബാധിച്ച സഹോദരി സ്വദേശത്തേക്ക് മടങ്ങുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തു. സഹോദരീ ഭര്‍ത്താവായ സൗദി പൗരന്‍ സഹോദരി മരിച്ച ശേഷം യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. നേരത്തെ സൗദി പൗരത്വം ലഭിച്ച, സ്വദേശത്തു വെച്ച് മരിച്ച സ്ത്രീയാണെന്ന വ്യാജേനെയാണ് പുതുതായി വിവാഹം ചെയ്ത ഭാര്യാ സഹോദരിയുമായി സൗദി പൗരന്‍ രാജ്യത്ത് പ്രവേശിച്ചത്.
ഇങ്ങിനെയാണ് യുവതി ആള്‍മാറാട്ടം നടത്തി രണ്ടു ദശകത്തോളം രാജ്യത്ത് കഴിഞ്ഞത്. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. കുടുംബ കലഹത്തെ തുടര്‍ന്നാണ് ഇക്കൂട്ടത്തില്‍ പെട്ട വനിതകളില്‍ ഒരാള്‍ സുരക്ഷാ വകുപ്പുകളെ അറിയിക്കാന്‍ മുന്നോട്ടുവരികയായിരുന്നു.
വ്യാജ രേഖ ഉപയോഗിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരായ കേസ് കോടതിക്ക് സമര്‍പ്പിച്ചെങ്കിലും കുറ്റകൃത്യത്തിന്റെ കാലപ്പഴക്കം മൂലം കേസില്‍ കോടതി യുവതിയെ ശിക്ഷിച്ചില്ല. പത്തു വര്‍ഷത്തിലധികം പഴക്കമുള്ള വ്യാജ രേഖാ നിര്‍മാണ കേസുകളില്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട നിയമത്തിലെ 27-ാം വകുപ്പ് അനുശാസിക്കുന്നുണ്ട്. കേസിലെ കൂട്ടുപ്രതിയായ യുവതിയുടെ ഭര്‍ത്താവു കൂടിയായ സൗദി പൗരന്‍ മമരിച്ചതിനാല്‍ അദ്ദേഹത്തിനെതിരായ കേസും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.






