Sorry, you need to enable JavaScript to visit this website.

കൊറോണ സ്‌കൂള്‍ കുട്ടികളില്‍ നിന്നും മാതാപിതാക്കളിലേക്ക്;  ബ്രിട്ടനില്‍ നാലാം തരംഗം തുടങ്ങിയെന്ന് ആശങ്ക

ലണ്ടന്‍- യുകെയില്‍ നാലാം തരംഗം തുടങ്ങിക്കഴിഞ്ഞെന്നു ആശങ്ക. സ്‌കൂള്‍ കുട്ടികളില്‍ നിന്നും കൊറോണാവൈറസ് മാതാപിതാക്കളിലേക്ക് എത്തിത്തുടങ്ങിയെന്ന് ഔദ്യോഗിക ഡാറ്റ സൂചിപ്പിക്കുന്നു. രണ്ടാഴ്ചയായി ഇംഗ്ലണ്ടിലെ ഇന്‍ഫെക്ഷന്‍ നിരക്ക് തുടരെ ഉയരുന്നത് ചൂണ്ടിക്കാണിച്ചാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യം വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ക്ലാസ് മുറികളില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണിത്. യുവാക്കളിലാണ് ഇന്‍ഫെക്ഷനുകള്‍ അധികമെന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതാണ് പ്രശ്‌നത്തിന് ഇടയാക്കുന്നതെന്ന് തെളിവ് നല്‍കുന്നു. ഇതോടൊപ്പം 35 മുതല്‍ 39 വരെയുള്ളവരിലും, 40-44 പ്രായവിഭാഗത്തിലും, 4550 പ്രായത്തിലുമുള്ളവരില്‍ നിരക്ക് വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഡാറ്റ കൂട്ടിച്ചേര്‍ക്കുന്നു. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തുന്ന കുട്ടികള്‍ വൈറസ് വീടുകളില്‍ എത്തിക്കാന്‍ തുടങ്ങിയെന്ന ആശങ്ക ഉളവാക്കുന്നത് ഈ കണക്കുകളാണ് . ഭൂരിപക്ഷം കുട്ടികളും വാക്‌സിനെടുക്കാതെ സ്‌കൂളുകളില്‍ എത്തുമ്പോള്‍ പുതിയ തരംഗം രൂപപ്പെടുമെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന 24 കുട്ടികളില്‍ ഒരാള്‍ വീതം പോസിറ്റീവായി കാണുന്ന സ്ഥിതിയുണ്ട്. ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ ആഴ്ചയില്‍ 5.2 ശതമാനം വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. മരണങ്ങളിലും, ആശുപത്രി പ്രവേശനങ്ങളിലും ഇടിവ് സംഭവിക്കുന്നതിനൊപ്പമാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. 37,960 പേര്‍ക്കാണ് ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ 10ാം ദിവസമാണ് ഇന്‍ഫെക്ഷനുകള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടൊപ്പം 40 പേരുടെ മരണങ്ങളും ഉണ്ടായി. ഇംഗ്ലണ്ടിലെ ഹോസ്പിറ്റല്‍ അഡ്മിഷന്‍ കണക്കുകള്‍ പ്രകാരം ഇതില്‍ 15 ശതമാനം കുറവ് സംഭവിച്ചെന്നാണ് കരുതുന്നത്. രാജ്യത്തു 16ന് മുകളില്‍ പ്രായമുള്ള 89.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
 

Latest News