കോണ്‍ഗ്രസില്‍ കൂടുതല്‍ ആളെ ചേര്‍ക്കുന്നവര്‍ക്ക്  ഒരു പവന്റെ സ്വര്‍ണ മോതിരം സമ്മാനം 

ചെന്നൈ- കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പാര്‍ട്ടിയില്‍ ആളുകളെ ചേര്‍ക്കാനും വ്യത്യസ്തമായ പ്രചാരണങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് ഒരു പവന്റെ സ്വര്‍ണ്ണ മോതിരം വാഗ്ദാനം ചെയ്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു കോണ്‍ഗ്രസ് നേതാവ്. ദക്ഷിണ ചെന്നൈ സെന്‍ട്രല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എം എ മുതലാക്കനാണ് വിചിത്ര ഓഫറുമായി രംഗത്തെത്തിയത്. രാജീവ് ഗാന്ധിയുടെ 77ാം ജന്‍മദിനാഘോഷം നടക്കുന്ന വേളയിലായിരുന്നു എം എ മുതലാക്കന്‍ പാര്‍ട്ടിയിലേക്ക് ആളുകളെ ചേര്‍ക്കുന്നവര്‍ക്കായി സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ആളെ ചേര്‍ക്കുന്നവര്‍ക്ക് ഒരു പവന്റെ സ്വര്‍ണ്ണ മോതിരം. രണ്ടാമതെത്തുന്നവര്‍ക്ക് അരപ്പവന്റെ മോതിരവും മൂന്നാമത് എത്തുന്നയാള്‍ക്ക് കാല്‍പ്പവന്‍ മോതിരവുമാണ് ദക്ഷിണ ചെന്നൈ സെന്‍ട്രല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
'വീഥി തോറും കോണ്‍ഗ്രസ്, വീടുതോറും കോണ്‍ഗ്രസ്' എന്നതാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആപ്തവാക്യമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അളഗിരി, എ ഐ സി സി സെക്രട്ടറി സിരിവേല പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രഖ്യാപനമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഒരോ തെരുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകനുണ്ടെന്ന് തനിക്ക് ഉറപ്പ് വരുത്തണം. നേരത്തെ പാര്‍ട്ടി പരിപാടികളില്‍ ആളുകളെ എത്തിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലാതെ അത് സാധ്യമാകുന്നുണ്ടെന്നും. കൃത്യമായ പ്രചാരണ പരിപാടികളിലൂടെയാണ് അത് സാധ്യമായതെന്നും മുതലാക്കന്‍ പറഞ്ഞു.
 

Latest News