Sorry, you need to enable JavaScript to visit this website.

സൗദിയിലെ പ്രതിസന്ധികളെ അതിജീവിക്കാം

കേരളം ഇന്നും ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. സകലതും മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് കേരളത്തിലെത്തുന്നത്. ഇതു തിരിച്ചറിഞ്ഞ് കേരളത്തിനാവശ്യമായ ഉൽപന്നങ്ങൾ ഒറ്റക്കും കൂട്ടായുമുള്ള സംരംഭങ്ങളിലൂടെ ഉൽപാദിപ്പിക്കാൻ നാം തയാറാവേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ സഹായ നിർദേശങ്ങളും നോർക്ക, കെ.എസ്.ഐ.ഡി.സി തുടങ്ങിയ ഏജൻസികൾ വഴി ലഭ്യമാണ്. അതു പരമാവധി പ്രയോജനപ്പെടുത്തി ഗൾഫിലെ കഠിനാധ്വാന ശൈലി നാട്ടിലും പ്രാവർത്തികമാക്കിയാൽ അതിജീവനം സാധ്യമാകുമെന്നതിൽ ആർക്കും സംശയം വേണ്ട. 

സൗദിയിലെ പ്രവാസികളെ സംബന്ധിച്ചിടത്തോളം 2018 ആധിയുടെയും വേർപാടിന്റെയും നഷ്ടങ്ങളുടെയും വർഷമായിരിക്കും. വർഷങ്ങൾക്കു മുൻപ് നിതാഖാത് ആരംഭിച്ചതു മുതൽ തുടങ്ങിയ വേവലാതി അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 19 തൊഴിലുകൾ സൗദികൾക്കു മാത്രമായി പരിമിതപ്പെടുത്തിയപ്പോഴും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നവർക്കു പോലും അടിതെറ്റുന്നതായി അതിന്റെ വ്യാപ്തി 12 മേഖലകളിലേക്കുകൂടി വ്യാപപ്പിച്ചുകൊണ്ടുള്ള തീരുമാനം. ഇതോടൊപ്പം ആശ്രിത വിസയിൽ കഴിയുന്നവർക്കുള്ള ലെവിയും ഇഖാമക്കും മറ്റും ഏർപ്പെടുത്തിയ അധിക ഫീസുകളും ജീവിതച്ചെലവിലെ വർധനയുമെല്ലാം കൂടിയായപ്പോൾ പലർക്കും പിടിച്ചു നിൽക്കുക ക്ലേശകരമായി മാറിയിരിക്കുന്നു. ആശ്രിത വിസയിലെത്തി ഇന്റർനാഷണൽ സ്‌കൂളുകളിൽ ജോലി ചെയ്തിരുന്നവർക്കും തുടരണമെങ്കിൽ വൻ തുക ഫീസായി നൽകണമെന്നു വന്നതോടു കൂടി പ്രശ്‌നം കൂടുതൽ ഗുരുതരമായിരിക്കുകയാണ്. ഇപ്പോൾ പ്രവാസികളായ നാലാൾ കൂടുന്നിടത്തെല്ലാം സംസാരം മടക്കത്തെക്കുറിച്ചാണ്. നാട്ടിലേക്കുള്ള മടക്കത്തിന് സ്‌കൂൾ അധ്യയന വർഷം അവസാനിക്കാൻ കാത്തു നിൽക്കുന്നവരാണ് അധികപേരും. ജോലി നഷ്ടപ്പെട്ടു മടങ്ങിക്കൊണ്ടിരിക്കുന്നവർക്കു പുറമെയാണിത്. 


സൗദിയിലെ തൊഴിൽ രംഗത്തെ പരിഷ്‌കരണ നടപടികൾ കൊണ്ട് ഇന്ത്യയിൽ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനം കേരളമായിരിക്കും. സൗദിയിൽ ജോലി ചെയ്യുന്ന മുപ്പത് ലക്ഷത്തിലേറെ ഇന്ത്യക്കാരിൽ അഞ്ചു ലക്ഷത്തിൽപരം പേർ മലയാളികളാണ്. ഇവരിൽ നല്ല പങ്കും സർക്കാർ പ്രഖ്യാപിച്ച സ്വദേശിവൽക്കരണ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. ഉന്നത തസ്തികകൾ പലതും സ്വദേശികൾക്കായി നേരത്തെ തന്നെ സംവരണം ചെയ്യപ്പെട്ടിരുന്നുവെങ്കിലും സ്വദേശിവൽക്കരണ മേഖലകൾ വിപുലപ്പെടുത്തിയതോടെ താഴെ തട്ടിൽ വരെ  അത് എത്തി നിൽക്കുകയാണ്. മലയാളികൾ ഏറെ ജോലി ചെയ്തിരുന്ന മൊബൈൽ, ജ്വല്ലറി മേഖലകളിലെല്ലാം സ്വദേശിവൽക്കരണം സുഗമമായി നടപ്പാക്കിയ സാഹചര്യത്തിൽ ഇപ്പോൾ ഒറ്റയടിക്ക് പ്രഖ്യാപിച്ച 12 മേഖലകളിലും അതു നിശ്ചിത കാലയളവിൽ തന്നെ നടപ്പാക്കുമെന്നതിൽ സംശയം വേണ്ട. മൂന്നു ഘട്ടമായാണ് ഈ രംഗത്ത് സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അതു നടപ്പാക്കുന്നത് ഈ വർഷം തന്നെയാണെന്നതിനാൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം  ഉണ്ടാവുക ഈ വർഷമായിരിക്കും. 
കേരളം ഇപ്പോൾ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. ആശങ്ക വേണ്ടതില്ലെന്ന് ധനമന്ത്രി തോമസ് ഐസക് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ അത്ര പന്തിയല്ല. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ ബാങ്കുകളുടെ 6339 ശാഖകൾ വഴി വിദേശ മലയാളികളുടെ നിക്ഷേപം വഴി കേരളത്തിലെത്തിത് 1,54,252 കോടി രൂപയായിരുന്നു. ഇത് നടപ്പു വർഷം ഗണ്യമായി കുറയുമെന്നതിന്റെ സൂചന സൗദിയിൽനിന്ന് വിദേശികൾ അയക്കുന്ന പണത്തിന്റെ തോത് കുറഞ്ഞത് നോക്കിയാൽ മനസ്സിലാകും. സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്നതിൽ 6.74 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  
23.63 ലക്ഷം വിദേശ മലയാളികളിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇതിൽ 25.2 ശതമാനം സൗദിയിലാണ്. ഗൾഫ് പ്രതിസന്ധിയുടെ ഫലമായി  എത്ര പേർ മടങ്ങിയെത്തിയിട്ടുണ്ടെന്ന കൃത്യമായ കണക്ക് സർക്കാരിന്റെ കൈവശമില്ലെങ്കിലും ഇപ്പോൾ വിദേശത്തേക്ക് പോകുന്നവരേക്കാൾ കൂടുതലാണ് ജോലി നഷ്ടപ്പെട്ട് മടങ്ങി വരുന്നവരുടെ എണ്ണമെന്ന് മന്ത്രി തോമസ് ഐസക് അടുത്തിടെ വ്യക്തമാക്കിയിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും സ്വദേശിവൽക്കരണ തോത് ഉയർത്തിവരികയാണ്. ഇതിന്റെ ഫലമായി മടങ്ങുന്നവരുടെ എണ്ണം കൂടുന്നതോടെ കേരള സമ്പദ്ഘടനക്ക് അതു വൻ ആഘാതമാവും സൃഷ്ടിക്കുക. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച കാഴ്ചപ്പാടൊന്നും ഭരണ പ്രതിപക്ഷത്തിനില്ലെങ്കിലും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിപ്പെട്ടാൽ എങ്ങനെ പിടിച്ചു നിൽക്കണമെന്നതിനെക്കുറിച്ച ധാരണ കുറഞ്ഞപക്ഷം പ്രവാസികൾക്കെങ്കിലും ഉണ്ടാവേണ്ടത് അനിവാര്യമാണ്. 
കേരളത്തിൽ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിലുള്ളവർ ഗൾഫ് നാടുകളെ ലക്ഷ്യമാക്കി കേരളം വിടുകയും ജോലി ചെയ്ത് പണം നാട്ടിലേക്ക് ഒഴുക്കുകയും ചെയ്തപ്പോൾ കേരളത്തിൽ ഒട്ടനവധി ജോലി സാധ്യതകൾ സൃഷ്ടിക്കപ്പെട്ടു. അതിന്റെ ഗുണം അന്യ സംസ്ഥാന തൊഴിലാളികൾക്കാണ് ലഭിച്ചത്. ഇവർ കേരളത്തിൽനിന്നും പ്രതിവർഷം 17,500 കോടി രൂപ അവരുട നാടുകളിലെത്തിക്കുന്നുണ്ട്. നിർമാണ മേഖല, ഹോട്ടൽ, റസ്റ്റോറന്റ്, കടകൾ, കൃഷി, ചെറുകിട നിർമാണ മേഖല എന്നു വേണ്ട സകല രംഗത്തും അന്യ സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവർ ചെയ്തുവരുന്ന എല്ലാ ജോലികളും പ്രവാസികളായിരുന്നവർക്ക് ചെയ്യാനാവില്ലെങ്കിലും പകുതി മേഖലകളിലേക്കെങ്കിലും കടന്നു ചെല്ലാനായാൽ നാട്ടിൽ തന്നെ ജോലി കണ്ടെത്താനാവും. അതോടൊപ്പം ആഡംബരങ്ങളും ധൂർത്തും അവസാനിപ്പിക്കാനും പരമാവധി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കുട്ടികളുടെ വിദ്യാഭ്യാസം സംസ്ഥാനത്തിനകത്തുതന്നെ നടത്താനും ആഡംബര ഭവന നിർമാണങ്ങളിൽനിന്ന് അകന്നു നിൽക്കാനും തയാറായാൽ ഒരു പരിധി വരെ നാട്ടിലെ ജോലി കൊണ്ടു തന്നെ പിടിച്ചു നിൽക്കാനാവും. 
കേരളം ഇന്നും ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. സകലതും മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് കേരളത്തിലെത്തുന്നത്. ഇതു തിരിച്ചറിഞ്ഞ് കേരളത്തിനാവശ്യമായ ഉൽപന്നങ്ങൾ ഒറ്റക്കും കൂട്ടായുമുള്ള സംരംഭങ്ങളിലൂടെ ഉൽപാദിപ്പിക്കാൻ നാം തയാറാവേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ സഹായ നിർദേശങ്ങളും നോർക്ക, കെ.എസ്.ഐ.ഡി.സി തുടങ്ങിയ ഏജൻസികൾ വഴി ലഭ്യമാണ്. അതു പരമാവധി പ്രയോജനപ്പെടുത്തി ഗൾഫിലെ കഠിനാധ്വാന ശൈലി നാട്ടിലും പ്രാവർത്തികമാക്കിയാൽ അതിജീവനം സാധ്യമാകുമെന്നതിൽ ആർക്കും സംശയം വേണ്ട. അതോടൊപ്പം വിദേശങ്ങളിൽ ഉണ്ടാവാനിടയുള്ള തൊഴിൽ സാധ്യതകൾക്കനുസൃതമായി പുതിയ തലമുറക്ക് വിദ്യാഭ്യാസം നൽകുകകയും ചെയ്താൽ ഇപ്പോഴുണ്ടായിക്കുന്ന പ്രതിസന്ധികളെയെല്ലാം മറികടക്കാനാവും.

Latest News