ഉത്തരം താങ്ങുന്ന പല്ലികള്‍, ഹരിത മുന്‍ നേതാക്കളെ വിമര്‍ശിച്ച് പി.എം.എ സലാം

കോഴിക്കോട്- ഹരിതയുടെ മുന്‍ ഭാരവാഹികള്‍ ഉത്തരം താങ്ങുന്ന പല്ലികളെപ്പോലെയായിരുന്നുവെന്ന പരിഹസവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലീഗിനെ നിലനിര്‍ത്തുന്നത് അവരാണെന്നാണ് ഹരിത മുന്‍ ഭാരവാഹികള്‍ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരായാലും സംഘടനയുടെ ചട്ടക്കൂട് അംഗീകരിക്കണം. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് സംഘടനയില്‍ തുടരാനാവില്ല. കോഴിക്കോട് ഹരിത സംസ്ഥാന കമ്മിറ്റിയുടെ സി. എച്ച് അനുസ്മരണ സെമിനാറിലായിരുന്നു പിഎംഎ സലാമിന്റെ പ്രതികരണം.
രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്ലിമാണെന്ന കാര്യം മറക്കരുതെന്ന് ഹരിത നേതാക്കളോട് വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ് പറഞ്ഞു. ലിംഗ ന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച അവര്‍ മുസ്ലീം ലീഗ് ലിംഗ രാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നതെന്നും വ്യക്തമാക്കി. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് അവര്‍ പറഞ്ഞു.

ഹരിത മുന്‍ ഭാരവാഹികള്‍ക്കെതിരെ പരോക്ഷ വിമര്‍ശമുയര്‍ത്തിയായിരുന്നു ചടങ്ങില്‍ സംസാരിച്ച മുനവറലി ശിഹാബ് തങ്ങളുടെ വാക്കുകള്‍. സ്ത്രീകള്‍ കരുത്താര്‍ജിക്കുന്ന ഈ കാലത്ത് ഹരിതയിലെ പെണ്‍കുട്ടികള്‍ മമതാ ബാനര്‍ജിയെ മാതൃകയാക്കണമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ ഉപദേശം.
ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍ യോഗത്തില്‍ പറഞ്ഞു.
പൊതുബോധത്തിന് വിപരീതമായി പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നു പുതിയ ഹരിത ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു.

 

Latest News