ന്യൂദൽഹി- കരിപ്പൂരിൽനിന്ന് രണ്ടാഴ്ച്ചക്കകം വലിയ വിമാനങ്ങൾ പറന്നുയരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡി ജി സി എ ഡയറക്ടർ ജനറൽ ബി.എസ് ബുല്ലാറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.
വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണമെന്ന റിപ്പോർട്ടിന് എയർപോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. സാങ്കേതികമായും, അടിസ്ഥാന സൗകര്യത്താലും വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സൗകര്യം റൺവേയിൽ ആയി കഴിഞ്ഞു. റിസയുടെ നീളം 90 മീറ്ററിൽ നിന്ന് 240 മീറ്ററാക്കി വർധിപ്പിച്ച് സുരക്ഷ കൂട്ടാനുള്ള പ്രവർത്തിയും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന വിമാനത്താവള ഉപദേശക സമിതിയുടെ യോഗം വലിയ വിമാനങ്ങളുടെ സർവീസ് പുനർ ആരംഭിക്കുന്നത്തിനുള്ള ദൗത്യം പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വവും എന്നെ ഏൽപ്പിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അടുത്ത വേനൽക്കാല ഷെഡ്യൂൾ നിലവിൽ വരുന്നതിന് മുമ്പ് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനുള്ള ശ്രമം എം പിയെന്ന ചുമതല ഏറ്റെടുത്തത് മുതൽ തുടങ്ങിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.