ജാമ്യപേക്ഷ തള്ളി; തട്ടിപ്പുവീരന്‍ മോന്‍സനെ മൂന്നു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി-പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്റെ സാമ്പത്തിക സ്രോതസും വ്യാജ രേഖ നിര്‍മിച്ചതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും കസ്റ്റഡി അപേക്ഷയില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. മോണ്‍സണിന്റെ അഭിഭാഷകന്‍ നല്‍കിയ ജാമ്യപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും നിരപരാധിയാണെന്നും മോന്‍സണ്‍ കോടതിയില്‍ പറഞ്ഞു. 15 മിനിറ്റ് അഭിഭാഷകനുമായി സംസാരിക്കാന്‍ മോന്‍സണ് അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെ 11 ന് മോന്‍സനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ പദ്ധതി. വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മോന്‍സണ് രക്ത സമ്മര്‍ദ്ദമുണ്ടായി. ആരോഗ്യം വീണ്ടെടുത്തതോടെ വൈകിട്ട് നാലിനാണ് കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷക സംഘത്തിന്റെ ആവശ്യം. മോന്‍സണെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും.

 

Latest News