കല്‍പറ്റ-വ്യക്തിബോധവും സ്വത്വബോധവും ഇല്ലാത്ത മുസ്‌ലിംകളെ സൃഷ്ടിക്കാനാണ് കേരളത്തില്‍ സി.പി.എം ശ്രമിക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. മുസ്‌ലിംലീഗ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്.അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സ്വത്വരാഷ്ട്രീയത്തിന്റെ തകര്‍ച്ചയാണ് സി.പി.എം ആഗ്രഹിക്കുന്നത്. സി.പി.എം ഓരേസമയം മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. കരുതലോടെയുള്ള രാഷ്രീയപ്രവര്‍ത്തനം ശക്തിപ്പെടുത്തി ഈ അപകടം തടയണം.
സ്വത്വരാഷ്ട്രീയത്തിന്റെ നന്‍മകളെ കൃത്യമായി പ്രയോഗിച്ച നേതാവാണ് സി.എച്ച്. ഇതര സമുദായത്തില്‍പ്പെട്ടവരില്‍ അസ്വസ്ഥത ഉളവാക്കാതെ സ്വന്തം സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു സി.എച്ച്. സ്വീകരിച്ച വഴി എക്കാലത്തും പ്രസക്തമാണെന്നും ഷാജി പറഞ്ഞു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം അധ്യക്ഷത വഹിച്ചു. എന്‍.കെ.റഷീദ്, ടി.മുഹമ്മദ്, സി. മൊയ്തീന്‍കുട്ടി, പി.ഇസ്മയില്‍, ജയന്തി രാജന്‍, റസാഖ് കല്‍പറ്റ, പി.പി.അയ്യൂബ്, പി.കെ. അസ്മത്ത്, സലിം മേമന, എം.എ.അസൈനാര്‍, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, എം.പി.നവാസ്, റസീന അബ്ദുല്‍ഖാദര്‍, സി.കെ.ഹാരിഫ്, റമീസ് പനമരം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി യഹ്യാഖാന്‍ തലക്കല്‍ നന്ദിയും പറഞ്ഞു.






