ജയ്പൂർ- രാജസ്ഥാനിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭ മണ്ഡലത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ആൽവർ, അജ്മീർ ലോക്‌സഭാ മണ്ഡലങ്ങളിലും മണ്ഡൽഗഡ് നിയമസഭ മണ്ഡലത്തിലുമാണ് കോൺഗ്രസ് ജയിച്ചത്. ഈ മൂന്നു സീറ്റുകളും ബി.ജെ.പിയിൽനിന്നാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. മണ്ഡൽഗഡ് നിയമസഭ മണ്ഡലത്തിൽ കോൺഗ്രസിലെ വിവേക് ദാകറാണ് വിജയിച്ചത്. 11,136 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് ജയിച്ചത്.
ആൽവർ ലോക്‌സഭ മണ്ഡലത്തിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ അരലക്ഷത്തിലേറെ വോട്ടുകൾക്കാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. അജ്മീറിൽ കാൽ ലക്ഷത്തിലേറെ വോട്ടുകൾക്കാണ് കോൺഗ്രസ് മുന്നേറുന്നത്.
ഈ വർഷാവസനാത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ വളരെ നിർണായകമായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് സൂചന നൽകുന്നതാണ് പുറത്തു വന്ന ഫലം.
ഹിന്ദുത്വ ഗോരക്ഷാ ഗുണ്ടകളുടെ വ്യാപക ആക്രമണവും ഹിന്ദുത്വ തീവ്രവാദികളുടെ അഴിഞ്ഞാട്ടവും ആൽവറിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായെന്നാണ് ലീഡ് നൽകുന്ന സൂചന. പശുവളർത്തലും പാൽ കച്ചവടവും പരമ്പരാഗത തൊഴിലായി സ്വീകരിച്ച മൂന്ന് ലക്ഷത്തോളം മിയോ മുസ്ലിംകളാണ് ആൽവറിലുള്ളത്. ഇവർക്കെതിരെ കടുത്ത വംശീയ അതിക്രമങ്ങളാണ് സംഘപരിവാർ ഏതാനും വർഷങ്ങളായി നടത്തി വരുന്നത്. രജപുത് സമുദായത്തിന്റെ അതൃപ്തിയും ബിജെപിക്ക് തിരിച്ചടിയായി. മുഖ്യമന്ത്രി വസുന്ധരാ രാജെയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റും ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. കഴിഞ്ഞ തവണ അജ്‌മെറിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിരുന്നത് പൈലറ്റായിരുന്നു. 2014ലെ മോഡി തരംഗത്തിൽ ബിജെപിയോട് തോറ്റു.