സൗദിയില്‍ ബാലികയെ ഉപദ്രവിച്ച വിദേശി അറസ്റ്റില്‍

റിയാദ് - തലസ്ഥാന നഗരിയില്‍ ദേശീയദിനാഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊതുസ്ഥലത്തു വെച്ച് ലൈംഗികമായി ഉപദ്രവിച്ച വിദേശിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അമ്പതിനടുത്ത് പ്രായമുള്ള യെമനിയാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.
അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ബുറൈദയില്‍ മറ്റൊരു യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെയും സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തിലൂടെ കാറോടിക്കുന്നതിനിടെയാണ് യുവതിയെ പ്രതി ഉപദ്രവിച്ചത്. ഇരുപതു വയസ് പ്രായമുള്ള സൗദി യുവാവാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര്‍ അല്‍സുഹൈബാനിയും അറിയിച്ചു.

 

Latest News