കൊണ്ടോട്ടി- കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം അംഗം ചെയർമാൻ സ്ഥാനം രാജിവെച്ചു. എസ്.ഡി.പി.ഐ പിന്തുണയോടെയാണ് സി.പി.എം വിജയിച്ചത്. എസ്.ഡി.പി.ഐ പിന്തുണയോടെ ജയിച്ചതിനാലാണ് സ്ഥാനം രാജിവെച്ചത്. സി.പി.എമ്മിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതാണ് എസ്.ഡി.പി.ഐ പിന്തുണ നിർണായകമായത്. സി.പി.എം സ്വതന്ത്രയായ എൻ.എച്ച് കോളനിയിൽ നിന്നുളള കൗൺസിലർ പറമ്പീരി ഗീതയാണ് വിജയിച്ചത്. 40 അംഗ നഗരസഭയിൽ എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് സി.പി.എം ജയിച്ചത്. 20 വോട്ടുകൾ സി.പി.എം മുന്നണിക്ക് ലഭിച്ചു. മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് 19 വോട്ടുകൾ ലഭിച്ചു. ലീഗിന് 18 സീറ്റുകളാണ് ഇവിടെയുള്ളത്. കോൺഗ്രസിൽനിന്ന് ഒരു വോട്ടും ലഭിച്ചു. സി.പി.എമ്മിലെ മുസ്തഫയുടെ വോട്ടാണ് അസാധുവായത്.
പാലക്കാപ്പറമ്പ് വാർഡിൽ നിന്ന് വിജയിച്ച കൗൺസിലർ കെ.സി.ഷീബയായിരുന്നു യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഉച്ചക്ക് ശേഷം നടക്കും. കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നത്തിൽ മൂന്നു പേരാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇവർക്ക് വിപ്പ് നൽകാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.