Sorry, you need to enable JavaScript to visit this website.

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനം നിലനിർത്തി സിയാൽ

നെടുമ്പാശ്ശേരി-രാജ്യത്തെ വിമാനത്താവളങ്ങളിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ച നേട്ടം തുടരുന്നു. കഴിഞ്ഞ ജൂൺ മാസത്തോടെയാണ് ചെന്നൈ വിമാനത്താവളത്തെ പിന്തള്ളി നെടുമ്പാശ്ശേരി മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ  സിയാൽ മൂന്നാം സ്ഥാനം കൈവരിച്ചത്. ഈ നേട്ടം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും തുടരാൻ സിയാലിന് കഴിഞ്ഞു. ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് 3,98,722 യാത്രക്കാരുമായി ദൽഹി ഇന്ദിരാഗാന്ധി വിമാനത്താവളമാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മുംബൈ വിമാനത്താവളം വഴി 1,84,787 പേരാണ് യാത്ര ചെയ്തത്. ഇതിനിടയിൽ 1,55,322 യാത്രക്കാരുമായാണ് നെടുമ്പാശ്ശേരി വിമാനത്താവളം മൂന്നാം സ്ഥാനം നിലനിർത്തിയത്. ഇതിനിടെ ഏപ്രിലിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഓഗസ്റ്റ് മാസം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും യാത്ര ചെയ്തത് 1.42 കോടി യാത്രക്കാരാണ്. ജൂലൈ മാസത്തെ അപേക്ഷിച്ച് 35 ശതമാനം യാത്രക്കാരുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ 10.29 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരാണ്. കൊവിഡ് രോഗികൾ കുറഞ്ഞു വരുന്നതോടെ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ  ഗൾഫ് നാടുകൾ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് വിമാന സർവീസുകളുടെ എണ്ണം വർദ്ധിച്ചതാണ് യാത്രക്കാരുടെ എണ്ണം വർദ്ധിക്കാനും കാരണമായത്. കൂടാതെ യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ഏക വിമാനത്താവളമാണ് നെടുമ്പാശ്ശേരി.  രാജ്യത്ത് അഭ്യന്തര സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് കൊവിഡിന് മുൻപ് ഉണ്ടായിരുന്നതിന്റെ 72.05 ശതമാനം വരെ സർവീസുകൾ പുനരാരംഭിക്കാൻ ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നു. സെപ്റ്റംബറിൽ ഇത് 85 ശതമായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Latest News