ഭാര്യയെ സംശയം, രണ്ട് മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി

സേലം- രണ്ട് മക്കളെ കൊലപ്പെടുത്തി വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച ശേഷം പിതാവ് ജീവനൊടുക്കി. തമിഴ്‌നാട് സേലത്തെ മംഗലപ്പെട്ടി ഗ്രാമത്തിലാണ് സംഭവം. മക്കളായ ശ്രീനിവാസന്‍(ഒമ്പത്), മകള്‍ കൃഷ്ണപ്രിയ(അഞ്ച്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം  പിതാവ് മുരുകന്‍ ജീവനൊടുക്കുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാരനായ മുരുകന്‍ അപകടത്തെ തുടര്‍ന്നു വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ഭാര്യ മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായി സംശയം തോന്നിയത്. തുടര്‍ന്ന് ഭാര്യയുമായി തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു.
കടയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. 'ഇതല്ലേ നിന്റെ ആഗ്രഹം. നിനക്ക് ഞങ്ങളെ കൊല്ലണ്ടേ. നോക്ക്, ഞങ്ങള്‍ ഇപ്പോള്‍ മരിച്ചു' ബന്ധുക്കള്‍ക്ക് ഇങ്ങനെ ഒരു സന്ദേശം അയച്ച ശേഷം യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
യുവതിയും ബന്ധുക്കളും ഉടന്‍ തന്നെ സങ്കഗിരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരുടെയും മൃതദേഹം മാവിന്‍തോട്ടത്തില്‍ കണ്ടെത്തിയത്.

 

Latest News