മോണ്‍സന്റെ വീടിന് മുന്നില്‍ മുന്‍ ഡി.ജി.പി അനുവദിച്ച ബീറ്റ് ബോക്‌സ് നീക്കം ചെയ്തു

കൊച്ചി- തട്ടിപ്പു വീരന്‍ മോണ്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് പോലീസ് സുരക്ഷ നല്‍കിയതിനെക്കുറിച്ച് അന്വേഷണം. സുരക്ഷാ ഭീഷണിയുടെ പേരിലാണ് മോണ്‍സന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്. ഇയാള്‍ അറസ്റ്റിലായതോടെ  ബീറ്റ് ബോക്‌സ് പോലീസ് എടുത്തുമാറ്റി. വീട്ടില്‍ അമൂല്യ വസ്തുക്കളുടെ ശേഖരമുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് മോന്‍സണ്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്സ് പോയിന്റ് സ്ഥാപിച്ചിരുന്നത്. പോലീസ് സ്ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് ബീറ്റ് ബോക്സ് സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നില്‍ ബീറ്റ് ബോക്സ് ഇപ്പോഴും തുടരുന്നത് കേരള പോലീസിന് തന്നെ നാണക്കേടുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസവും പോലീസ് ഈ ബീറ്റ്ബോക്സില്‍ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിരുന്നു. വിവാദമായതോടെ ബീറ്റ് ബോക്സ് വെക്കാന്‍ ഇടയാക്കിയതിന് പിന്നില്‍ പോലീസിലെ മോണ്‍സന്റെ അഭ്യുദയകാംക്ഷികളാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നത്.

 

Latest News