തട്ടിപ്പുവീരന്‍ മോണ്‍സനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഒഴിവാക്കി

കൊച്ചി-പുരാവസ്തു വില്‍പ്പനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി മോന്‍സണ്‍ മാവുങ്കലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പിഎംഎഫ് ഗ്ലോബല്‍ ഡയറക്ട് ബോര്‍ഡിനു വേണ്ടി ചെയര്‍മാന്‍ ജോസ് ആന്റണി കാനാട്ട്, സാബു ചെറിയാന്‍, ബിജു കര്‍ണന്‍, ജോണ്‍ റാല്‍ഫ്, ജോര്‍ജ് പടിക്കകുടി, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസി മലയാളി ഫെഡറേഷന്‍ ഏറ്റെടുത്തു നടത്തിവന്നിരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി മോന്‍സണ്‍ മാവുങ്കല്‍ പിഎംഎഫിന്റെ പല ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമനുസരിച്ചു ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മോന്‍സണ്‍ മാവുങ്കലിനെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തു നിയമിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ദൃശ്യമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തയെ തുടര്‍ന്നുമാണ് അദ്ദേഹത്തെ സംഘടനയുടെ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

Latest News