Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ക്ഷേത്രം സംരക്ഷിക്കാനും സംഘര്‍ഷം തടയാനും മുസ്ലിംകള്‍ കോടതിയില്‍

ന്യൂദല്‍ഹി- ഹിന്ദു ക്ഷേത്രം കെട്ടിട നിര്‍മാണ മാഫിയയില്‍നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ മുസ്‌ലിംകള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ജാമിഅ നഗറിലെ നൂര്‍ നഗററില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം തകര്‍ക്കാനാണ് നീക്കമെന്നും വര്‍ഗീയ കലാപത്തിനു കാരണമാകുമെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.  തുടര്‍ന്നാണ് ക്ഷേത്രം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നൂര്‍നഗറിലെ മുസ്‌ലിംകള്‍  ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ബില്‍ഡര്‍ മാഫിയ ക്ഷേത്രം തകര്‍ത്ത് നിയമവിരുദ്ധമായി ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്രം നിര്‍മ്മിച്ചത് 1970ലാണെന്നും തുടര്‍ന്ന് പൂജകളും കീര്‍ത്തനങ്ങളും തടസ്സമില്ലാതെ തുടര്‍ന്നുവരികയാണെന്നും ഹരജിയില്‍ ബോധിപ്പിച്ചു.  എട്ടോ പത്തോ വിഗ്രഹങ്ങളും ക്ഷേത്രത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ബില്‍ഡര്‍ മാഫിയ നിയമവിരുദ്ധമായ മാര്‍ഗങ്ങളുപയോഗിച്ച് ക്ഷേത്രം തകര്‍ക്കാനും ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി കയ്യേറാനും ശ്രമിക്കുകയാണെന്ന്് പരാതിയില്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ ധര്‍മ്മശാല രാത്രിയില്‍ ധൃതിപിടിച്ച് തകര്‍ത്തതായും പ്രദേശം നിരപ്പാക്കി കയ്യേറാന്‍ ശ്രമിക്കുന്നതായും ജാമിഅ നഗര്‍ 206 ാം വാര്‍ഡ് കമ്മിറ്റി ഹരജിയില്‍ ചൂണ്ടിക്കാണിച്ചു.
184 ജോഹ്‌രി ഫാമിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് ഫ് ളാറ്റുകള്‍ നിര്‍മിച്ചുവില്‍ക്കുന്നതിന് സ്ഥലമൊഴിപ്പിക്കുകയാണ് ലക്ഷ്യം.  വര്‍ഗീയ കലാപമുണ്ടാക്കാനാണ് ബില്‍ഡര്‍ മാഫിയ  ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിച്ചു.
പരാതിയില്‍ പറഞ്ഞ സ്ഥലത്ത് കയ്യേറ്റമില്ലെന്നും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമില്ലെന്നും ഉറപ്പുവരുത്താന്‍ ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സഞ്ജീവ് സച്‌ദേവയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പോലീസിനു നിര്‍ദേശം നല്‍കി.

 

Latest News