Sorry, you need to enable JavaScript to visit this website.

കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടിക്കായി കാത്തുനിൽക്കുന്നു-സുധീരൻ

കൊച്ചി- താരീഖ് അൻവർ തന്നെ വന്നു കണ്ടതിൽ നന്ദിയെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ നടപടികൾ തിരുത്താനാവശ്യമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുധീരൻ പറഞ്ഞു. താൻ ഉന്നയിച്ച ആവശ്യം ഉടൻ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. പോസിറ്റീവായ രീതി കേരളത്തിലെ കോൺഗ്രസിനെ നേരായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകും. നിലവിലുള്ള സഹചര്യം കോൺഗ്രസിനെ നാശത്തിലേക്ക് നയിക്കുമെന്നും പുതിയ നേതൃത്വം ഉദ്ദേശിച്ച രീതിയിൽ നന്നായില്ലെന്നും സുധീരൻ പറഞ്ഞു. പാർട്ടി രാഷ്ട്രീയ കാര്യ സമിതി, എ.ഐ.സി.സി അംഗത്വ രാജി എന്നിവയിൽ ഉറച്ചുനിൽക്കുമെന്നും അതിൽ മാറ്റമില്ലെന്നും സുധീരൻ വ്യക്തമാക്കി. ജന്മം മുതൽ താൻ കോൺഗ്രസുകാരനാണ്. എന്റെ മാർഗദീപം ഗാന്ധിയും നെഹ്‌റുവുമാണ്. മരിക്കുന്നത് വരെ കോൺഗ്രസുകാരനായിരിക്കുമെന്നും സുധീരൻ വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന വി.എം സുധീരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാവ് താരീഖ് അൻവർ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുധീരൻ. സുധീരൻ എക്കാലത്തും കോൺഗ്രസുകാരനായി തുടരുമെന്നും സുധീരനുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം താരീഖ് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ കോൺഗ്രസ് ഹൈക്കമാന്റുമായി പങ്കുവെക്കുമെന്നും താരീഖ് അൻവർ പറഞ്ഞു. 
 

Latest News