VIDEO സൗദിയില്‍ കാറില്‍ പിടിച്ചുതൂങ്ങി വിദേശ തൊഴിലാളി; കവര്‍ച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍

റിയാദ് - കാലിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ആടിനെ കവര്‍ന്ന രണ്ടംഗ സംഘത്തില്‍ ഒരാളെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യ പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. കാറില്‍ പിടിച്ചുതൂങ്ങി സംഘത്തെ തടയാന്‍ ശ്രമിച്ച വിദേശ തൊഴിലാളിക്ക് നിലത്തുവീണ് പരിക്കേറ്റിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മുപ്പതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് ആടിനെ കവര്‍ന്നത്. ഇരുവരും നേരത്തെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയുടെ പക്കല്‍ മയക്കുമരുന്ന് കണ്ടെത്തി. നിയമ നടപടികള്‍ക്ക് പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസിലെ രണ്ടാം പ്രതിക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നും റിയാദ് പോലീസ് വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം. ആടിനെ വാങ്ങാനെന്ന വ്യാജേന കാലിവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിയ സംഘം വിലപറഞ്ഞുറപ്പിച്ച ശേഷം ആടിനെ കാറിന്റെ പിന്‍വശത്ത് കയറ്റിയ പണം നല്‍കാതെ ഞൊടിയിടയില്‍ കാറില്‍ കയറി സ്ഥലംവിടുകയായിരുന്നു. യഥാര്‍ഥ ഉപയോക്താക്കളാണെന്ന് തെറ്റിദ്ധരിച്ച് തൊഴിലാളി തന്നെയാണ് ആടിനെ കാലുകള്‍ കെട്ടി കാറിന്റെ പിന്‍വശത്ത് കയറ്റിയത്. ഇതിനു ശേഷം പണം വാങ്ങാന്‍ തൊഴിലാളി സമീപിച്ചതോടെ സംഘം കാര്‍ വേഗത്തില്‍ മുന്നോട്ടെടുക്കുകയായിരുന്നു. സംഘത്തെ തടയാന്‍ ശ്രമിച്ച് തൊഴിലാളി കാറില്‍ പിടിച്ചുതൂങ്ങിയെങ്കിലും അമിത വേഗം മൂലം അല്‍പദൂരത്തിനു ശേഷം ഇയാള്‍ നിലംപതിക്കുകയായിരുന്നു.

 

Latest News