സിപിഐയില്‍ കനയ്യ കുമാറിന് എന്താണ് പ്രശ്‌നം? നേതൃത്വത്തെ വട്ടംകറക്കി യുവ നേതാവ്

ന്യൂദല്‍ഹി- സിപിഐ ദേശീയ സമിതി അംഗവും യുവനേതാവുമായ കനയ്യ കുമാര്‍ സ്വാതന്ത്ര്യ സമര പോരാളി ശഹീദ് ഭഗത് സിങിന്റെ ജന്മദിനമായ സെപ്തംബര്‍ 28ന്, ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇതുവരെ കനയ്യ കുമാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഈ റിപോര്‍ട്ടുകളെ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടുമില്ല. ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുയും ചെയ്തിട്ടില്ല. ഈ അഭ്യൂഹവും കനയ്യയുടെ നിലപാടും ശരിക്കും സിപിഐ നേതാക്കളെയാണ് വെട്ടിലാക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത പ്രചരിച്ചു തുടങ്ങിയതോടെ ഈ റിപോര്‍ട്ടുകളെ പരസ്യമായി തള്ളിപ്പറയാന്‍ ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനില്‍ മാധ്യമങ്ങളെ കാണണമെന്ന് പാര്‍ട്ടി കനയ്യകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാധ്യമങ്ങളെ കാണാന്‍ അജോയ് ഭവനിലെത്താന്‍ പാര്‍ട്ടി കനയ്യോട് പറഞ്ഞത്. ഇതുപ്രകാരം മറ്റു നേതാക്കളെല്ലാം എത്തി കാത്തിരുന്നെങ്കിലും കനയ്യ കുമാര്‍ വന്നില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജയാണ് കനയ്യയോട് നേരിട്ട് മാധ്യമങ്ങളെ കാണാന്‍ നിര്‍ദേശിച്ചത്. ആ ദിവസം കനയ്യയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും മെസേജുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഒരു മുതിര്‍ന്ന സിപിഐ നേതാവ് പറയുന്നു. നമുക്കു നോക്കാം എന്നായിരുന്നു കനയ്യ നീക്കത്തെ കുറിച്ച് ഡി രാജയുടെ പ്രതികരണം. 

താനും കനയ്യ കുമാറും കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞതോടെ സിപിഐ കനയ്യയെ മെരുക്കാന്‍ വീണ്ടും ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ബിഹാറിലെ സിപിഐ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്തുവച്ചു കനയ്യയെ കണ്ടു സംസാരിച്ചു. കോണ്‍ഗ്രസിലേക്കു പോകുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു  ലക്ഷ്യം. ഇവര്‍ക്കു മുമ്പില്‍ വലിയ ഡിമാന്‍ഡുകളാണ് കനയ്യ വച്ചതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഹാറിലെ പാര്‍ട്ടി തലവനായും തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ അധ്യക്ഷനായും തന്നെ നിയമിക്കണമെന്നാണ് കനയ്യ ആവശ്യപ്പെട്ടതെന്ന് ഒരു സിപിഐ നേതാവ് പറയുന്നു.

ഒക്‌ടോബര്‍ രണ്ടിന് ചേരാനിരിക്കുന്ന സിപിഐ ദേശീയ സമിതി യോഗത്തിലേക്കാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കനയ്യ വിഷയം യോഗത്തില്‍ ചര്‍ച്ച ആയേക്കും. എന്നാല്‍ അതിനു മുമ്പ് ചൊവ്വാഴ്ച കനയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അതിന്റെ പ്രസക്തി നഷ്ടമാകുകയും ചെയ്യും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസാരായ് മണ്ഡലത്തില്‍ മത്സരിച്ച കനയ്യ ബിജെപിയോട് തോറ്റിരുന്നു. ബിഹാറില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ആകട്ടെ കനയ്യ എന്ന ക്രൗഡ് പുള്ളറായ യുവ നേതാവിലൂടെ പാര്‍ട്ടിയെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലുമാണ്.
 

Latest News