Sorry, you need to enable JavaScript to visit this website.

ചരിത്രത്തിൽ ആദ്യമായി ബി.എസ്.ഇ 60,000 പോയന്റ് കടന്നു

ഇന്ത്യൻ ഓഹരി വിപണിയിലെ ബുൾ തരംഗം സൂചികയെ ഉയർന്ന തലത്തിലെത്തിച്ചു. ബോംബെ സെൻസെക്‌സ് പിന്നിട്ടവാരം 1032 പോയന്റും നിഫ്റ്റി 268 പോയന്റും മികവ് കാണിച്ച്, ചരിത്രത്തിൽ ആദ്യമായി ബി.എസ്.ഇ 60,000 പോയ് കടന്നു. രാജ്യാന്തര കെഡ്രിറ്റ് റേറ്റിംഗ് ഏജൻസികൾ ഇന്ത്യ കാഴ്ചവെക്കുന്ന കുതിച്ചു ചാട്ടം സസൂക്ഷമം വിലയിരുത്തുന്നതിനാൽ റേറ്റിംഗിൽ സ്ഥാനകയറ്റം പ്രതീക്ഷിക്കാം, അത് വിദേശ നിക്ഷേപം ഇരട്ടിക്കാൻ അവസരം ഒരുക്കും. 
നിഫ്റ്റി സൂചികയ്ക്ക് 18,000 മറികടക്കാനായില്ലെങ്കിലും ദീപാവലിക്ക് മുമ്പേ സൂചിക 18,910 വരെ ഉയരാനുള്ള സാധ്യതകൾ തെളിയുന്നു. വിദേശ ഫണ്ടുകൾ ഇന്ത്യയോട് കാണിക്കുന്ന താൽപര്യവും സൂചികയുടെ തിളക്കം വർധിപ്പിക്കാം. എന്നാൽ സാങ്കേതികമായി വിപണി ഓവർ ബോട്ടായതിനാൽ തിരുത്തൽ സാധ്യത തള്ളികളയാനാവില്ല.
മുൻവാരം നൽകിയ സൂചനകൾ ശരിവെച്ച് ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച ഷാങ്ഹായി സൂചികയെ മാത്രമല്ല, ഏഷ്യയിലെ മറ്റ് പല ഓഹരി ഇൻഡക്‌സുകളെയും പിടിച്ച് ഉലച്ചു. വാരത്തിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ മാർക്കറ്റും ചൈനീസ് കാറ്റിൽ ആടി ഉലഞ്ഞതോടെ സെൻസെക്‌സ് 59,015 ൽ നിന്ന് 58,308 പോയന്റിലേക്ക് ഇടിഞ്ഞു.
വാരത്തിന്റെ ആദ്യ പകുതിയിൽ 58,127-59,820 ടാർജറ്റിൽ സെൻസെക്‌സ് സഞ്ചരിക്കാമെന്ന് ഇതേ കോളത്തിൽ നൽകിയ വിലയിരുത്തൽ ശരിവെക്കും വിധത്തിലായിരുന്നു സൂചികയുടെ ഓരോ ചലനവും. വെള്ളയാഴ്ച സെൻസെക്‌സ് 60,000 ലെ നിർണായക പ്രതിരോധം തകർത്ത് 60,333 വരെ ഉയർന്ന് ചരിത്രം സൃഷ്ടിച്ച ശേഷം 60,048 ൽ ക്ലോസിംഗ് നടന്നു. ഈവാരം 60,818 ലെ പ്രതിരോധം ഭേദിച്ചാൽ 61,588 ലേക്ക് ഒക്ടോബർ ആദ്യം പ്രവേശിക്കാം. ഇതിനിടയിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് രംഗത്ത് ഇറങ്ങിയാൽ 58,793 ൽ താങ്ങുണ്ട്, ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായാൽ സൂചിക 57,538 വരെ തളരാം.
നിഫ്റ്റിക്ക് 18,000 ലേക്ക് ഉയരാനായില്ലെങ്കിലും വിപണി വർധിച്ച ആവേശത്തിലാണ്. മെയ് മധ്യം 14,950 റേഞ്ചിൽ ഉടലെടുത്ത ബുൾ റാലിയിൽ ഇതിനകം 3000 പോയിന്റ് ഉയർന്നു. ബുൾ ഇടപാടുകാർ തികഞ്ഞ ആത്മവിശ്വാസത്തിലാണെങ്കിലും വിപണി സാങ്കേതികമായി ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ കരുതലോടെയാണ് ചുവടുവെക്കുന്നത്.
മുൻ വാരത്തിലെ 17,585 പോയിന്റിൽ നിന്ന് തളർന്നാണ് വ്യാപാരം തുടങ്ങിയത്. പോയവാരം സൂചിപ്പിച്ച 17,325 ആദ്യ സപ്പോർട്ട് തകർച്ചക്ക് ഇടയിൽ നിലനിർത്തിയത് തിരിച്ചു വരവിന് വേഗത പകർന്നു. തിങ്കളാഴ്ച്ച 17,350 ലേയ്ക്ക് ഇടിഞ്ഞ വേളയിൽ ഫണ്ട് ബയ്യിങ് 17,793 ലെ ആദ്യ പ്രതിരോധം തകർത്തത് വാങ്ങൽ താൽപര്യം ഇരട്ടിപ്പിച്ചു. വാരാന്ത്യം സർവകാല റെക്കോർഡായ 17,947.65 വരെ നിഫ്റ്റി സഞ്ചരിച്ച ശേഷം ക്ലോസിംഗിൽ 17,853 പോയന്റിലാണ്. 
ഈവാരം 17,486 ലെ സപ്പോർട്ട് കാത്ത് സൂക്ഷിച്ച് പുതിയ ഉയരമായ 18,083 ലേക്കും തുടർന്ന് 18,313 ലേക്കും ഒക്ടോബറിൽ സൂചികക്ക് മുന്നേറാം. മഹാനവമി, ദീപാവലി വേളയിൽ 18,910 റേഞ്ചിൽ ഇടം കണ്ടത്താനുള്ള ശ്രമത്തിലാണ്. അതേ സമയം ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ നിഫ്റ്റി 17,119 വരെ തളരാം. 
മുൻ നിര ഓഹരികളിൽ നിറഞ്ഞു നിന്ന് വാങ്ങൽ താൽപര്യത്തിൽ ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി. എഫ്.സി ബാങ്ക്, ഐ.സി.ഐ സി.ഐ ബാങ്ക്, എയർടെൽ, ഐ.ടി.സി, എച്ച്.യു.എൽ, എം ആന്റ് എം തുടങ്ങിയവയുടെ നിരക്ക് ഉയർന്നു. അതേ സമയം ഓപറേറ്റർമാരുടെ ലാഭമെടുപ്പിൽ എസ്.ബി.ഐ, ബജാജ് ഓട്ടോ, മാരുതി, ഡോ. റെഡീസ്, സൺ ഫാർമ്മ, ടാറ്റാ സ്റ്റീൽ തുടങ്ങിയവക്ക് തിരിച്ചടി നേരിട്ടു.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം കുറഞ്ഞു. രൂപ 73.48 ൽ നിന്ന് 73.64 ലേക്ക് നീങ്ങി. യു.എസ് ഫെഡ് റിസർവ് സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരുന്ന നടപടികൾ തുടരുമെന്ന വെളിപ്പെടുത്തൽ ഡോളർ നേട്ടമാക്കി. വിദേശഫണ്ടുകൾ കഴിഞ്ഞവാരം 8.38 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 3048.3 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സെപ്റ്റംബറിൽ വിദേശ ഓപറേറ്റർമാർ 7137.72 കോടി രൂപയും ആഭ്യന്തര ഫണ്ടുകൾ 1030.37 കോടി രൂപയും നിക്ഷേപിച്ചു.

    

 

Latest News