Sorry, you need to enable JavaScript to visit this website.

കർഷകർക്ക് പ്രതീക്ഷ നൽകി കൊപ്ര വിലയിൽ മുന്നേറ്റം

നാളികേരോൽപന്നങ്ങൾ മുന്നാഴ്ചത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരവിനുള്ള തയാറെടുപ്പിലാണ്. ഉത്സവ ദിനങ്ങൾ അടുത്തതോടെ ദക്ഷിണേന്ത്യൻ നാളികേര കർഷകർക്ക് പ്രതീക്ഷ പകർന്ന് കൊപ്ര വിലയിൽ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. മൂന്നാഴ്ചയോളം തളർച്ചയിൽ അകപ്പെട്ട നാളികേരോൽപന്ന വിപണിക്ക് പുതുജീവൻ പകർന്നത് കാങ്കയത്തെ വിലക്കയറ്റമാണ്. കൊച്ചിയിലും തമിഴ്‌നാട്ടിലും 10,000 രൂപയിലെ നിർണായക താങ്ങിൽ വിപണി കൈവരിച്ച വിജയം വെളിച്ചെണ്ണ വില ഉയരാൻ അവസരം ഒരുക്കാം. അയൽ സംസ്ഥാനത്ത് കൊപ്ര 100 രൂപയുടെ മികവുമായി 10,100 ലേക്ക് കയറിയെങ്കിലും കൊച്ചി മാർക്കറ്റ് സ്‌റ്റെഡിയാണ്. മാസാരംഭ ഡിമാന്റ് വിപണി ചൂട് പിടിക്കാൻ അവസരം ഒരുക്കാം. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ പച്ചത്തേങ്ങ ലഭ്യത കുറഞ്ഞത് കണ്ട് ഒരു വിഭാഗം മില്ലുകാർ വില ഉയർത്തി. കൊച്ചിയിൽ കൊപ്ര 10,000 രൂപയിലും വെളിച്ചെണ്ണ 16,400 രൂപയിലുമാണ്. 
കുരുമുളക് വില ചെറിയോരു ഇടവേളയ്ക്ക് ശേഷം വീണ്ടും നിർണായക പ്രതിരോധ മേഖലയിൽ. ഉത്തരേന്ത്യക്കാർ രംഗത്ത് തിരിച്ച് എത്തിയത് ഇടപാടുകളുടെ വ്യാപ്തി ഉയർത്തുമെന്നാണ് വിലയിരുത്തൽ. ഏറെ നിർണായകമായ 420 രൂപയിലാണ് ഗാർബിൾഡ് കുരുമുളക്. ഉത്സവ ഡിമാന്റ് ഉൽപാദന മേഖലയുടെ പ്രതീക്ഷക്കൊത്ത് ചുവടുവെച്ചാൽ വില 465 രൂപ വരെ ഉയരാം. ഇതിനിടയിൽ ഇറക്കുമതിക്കാർ താഴ്ന്ന വിലക്ക് ചരക്ക് വിറ്റഴിക്കുന്നുണ്ട്. ശ്രീലങ്ക, വിയെറ്റ്‌നാം, ബ്രസീൽ ചരക്ക് ടണ്ണിന് 4000 ഡോളർ പ്രകാരം ഇറക്കുമതി നടത്തിയിട്ടുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളകിന് 39,000 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5900 ഡോളർ, മലേഷ്യൻ മുളക് വില 6020 ഡോളർ, ഇന്തോനേഷ്യ 4370 ഡോളറിനും വിയെറ്റ്‌നാം 4300 നും ബ്രസീലും 4000 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.  
ഏലം വിളവെടുപ്പ് ഊർജിതമായതോടെ ലേല കേന്ദ്രങ്ങളിൽ ചരക്ക് വരവ് കനത്തു. ഉത്സവ സീസൺ അടുത്തതിനാൽ ഉത്തരേന്ത്യൻ ആവശ്യം ഉയരും. അതേ സമയം ഉൽപാദന മേഖലയുടെ പ്രതീക്ഷക്കൊത്ത് വില ഉയരുന്നില്ലെന്നാണ് കർഷകരുടെ പക്ഷം. കാർഷിക ചെലവുകൾ അമിതമായി ഉയർന്നത് അവരെ സമ്മർദ്ദത്തിലാക്കി. പിന്നിട്ടവാരം 75,000 കിലോക്ക് മുകളിൽ ഏലക്ക ഓരോ ലേലത്തിലും വിൽപനക്ക് ഇറങ്ങി. വാരാവസാനം മികച്ചയിനങ്ങൾ കിലോ 1409 രൂപയിലും ശരാശരി ഇനങ്ങൾ 1116 രൂപയിലുമാണ്. ഉത്തരേന്ത്യകാർ ശൈത്യകാല ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം ഊർജിതമാക്കാനുള്ള നീക്കത്തിലാണ്. ഉൽപാദന മേഖലയിൽനിന്നും കുറഞ്ഞ അളവിലാണ് ചുക്ക് വിൽപനയ്ക്ക് എത്തുന്നത്. കൊച്ചിയിൽ മികച്ചയിനം ചുക്ക് വില 17,500 രൂപ. 
കാലാവസ്ഥ റബർ ടാപ്പിംഗിന് അനുകൂലമായത് തോട്ടം മേഖലയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും അന്താരാഷ്ട്ര മാർക്കറ്റിലെ വില തകർച്ച കർഷകരെ ഞെട്ടിച്ചു. ഉൽപാദനം ഉണർന്നെങ്കിലും വിപണികളിൽ ഷീറ്റ് വരവ് നാമമാത്രമായിരുന്നു. 17,400 ൽ വിൽപനക്ക് തുടക്കം കുറിച്ച നാലാം ഗ്രേഡ് വാരാന്ത്യം 16,800 ലേക്ക് ഇടിഞ്ഞു. അഞ്ചാം ഗ്രേഡിന് 600 രൂപ കുറഞ്ഞ് 16,200-16,600 രൂപയായി. 
ന്യൂയോർക്കിൽ സ്വർണ വില ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കേരളത്തിലും നിരക്ക് താഴ്ന്നു. ആഭരണ വിപണികളിൽ പവൻ 35,720 രൂപയിൽ നിന്ന് വാരമധ്യം 35,080 ലേക്ക് ഉയർന്നെങ്കിലും വിദേശത്തെ തളർച്ച മൂലം നിരക്ക് 34,560 ലേക്ക് താഴ്ന്നു. ഗ്രാമിന് വില 4320 രൂപ. 
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1753 ഡോളറിൽ നിന്ന് 1785 ലേക്ക് കയറിയെങ്കിലും പിന്നീട് നിരക്ക് 1738 ഡോളറായി ഇടിഞ്ഞു. വാരാന്ത്യം സ്വർണം 1749 ഡോളറിലാണ്. ഈ വാരം ഔൺസിന് 1735-1730 ഡോളറിലെ സപ്പോർട്ടുണ്ടങ്കിലും ഇത് നഷ്ടപ്പെട്ടാൽ ഒക്ടോബറിൽ 1704 ഡോളറിലേക്ക് പരീക്ഷണം നടത്താം.  

Latest News