Sorry, you need to enable JavaScript to visit this website.

സൗദി ആരോഗ്യ മേഖലക്ക് കരുത്തേകി ഗുലൈൽ ജെ.എൻ.എച്ച് പ്രവർത്തനമാരംഭിച്ചു

സൗദി ആരോഗ്യ മേഖലക്ക് കരുത്തേകിയും ജിദ്ദയിലെ മലയാളി സമൂഹത്തിന് അഭിമാനവും ആശ്വാസവും പകർന്ന് ജിദ്ദ നാഷനൽ ഹോസ്പിറ്റലിന്റെ ഗുലൈൽ ശാഖ സൗദി ദേശീയ ദിനത്തിൽ പ്രവർത്തനം ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാവിധ അനുമതികളോടെയും അത്യാധുനിക സൗകര്യങ്ങളോടെയും ജിദ്ദ ടെലിവിഷൻ സ്ട്രീറ്റിൽ അതിവിശാലമായ ആറു നില കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ള ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് ഡപ്യൂട്ടി മന്ത്രി ഡോ. ഹുസൈൻ സുബൈദിയാണ് നിർവഹിച്ചത്. ജെ.എൻ.എച്ച് ആന്റ് റയാൻ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. മുഹമ്മദലി, ജെ.എൻ.എച്ച് ഡപ്യൂട്ടി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സാലിഹ് അൽ സഹ്‌റാനി, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ അഹ്മദ് അൽ സഹ്‌റാനി, ഡോ. ഉസാമ സഫർ, താജ് ക്ലിനിക് ഡയറക്ടർ അലി അൽ സഹ്‌റാനി, ഹെൽത്ത് കെയർ കൺസൾട്ടന്റ് ഡോ. ഇബ്രാഹിം അൽ ഗാംദി, അക്കാദമിക് ഡയറക്ടർ ഡോ. ആമിന മുഹമ്മദലി, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. മുഷ്‌കാത് മുഹമ്മദലി, അലി മുഹമ്മദലി, മുഷ്താഖ് മുഹമ്മദലി, ജെ.എൻ.എച്ച് ഐ.ടി ഡയറക്ടർ നവീദ് കിളിയമണ്ണിൽ, ഫിനാൻസ് ഡയറക്ടർ അഷ്‌റഫ് മൊയ്തീൻ, താജ് പോളിക്ലിനിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ചെറിയ എന്നിവരുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങിലായിരുന്നു ഉദ്ഘാടനം. സൗദി ദേശീയ ദിനാഘോഷ പരിപാടികളും ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരുന്നു.
സൗദി ഭരണകർത്താക്കളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും അതിലുപരി സ്വദേശികളുടെയും വിദേശികളുടെയും അകമഴിഞ്ഞ സഹകരണവും പ്രോത്സാഹവനവുമാണ് ജെ.എൻ.എച്ച് ആന്റ് റയാൻ മെഡിക്കൽ ഗ്രൂപ്പിന്റെ വളർച്ചക്കു കാരണമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. മുഹമ്മദലി പറഞ്ഞു. പുതിയ ജെ.എൻ.എച്ചിന്റെ നിർമാണത്തിൽ പങ്കാളികളായ താഴെ തട്ടിലുള്ള നിർമാണ തൊഴിലാളികൾ മുതൽ എൻജിനീയർ, സാങ്കേതിക വിദഗ്ധർക്കുവരെ മുഹമ്മദലി തന്റെ ഹൃദയത്തിൽതൊട്ട് നന്ദി അറിയിച്ചു. ജെ.എൻ.എച്ചിനു കീഴിൽ താമസിയാതെ റിയാദിലും ജിസാനിലും വിപുലമായ സൗകര്യങ്ങളോടെ നവീന രീതിയിൽ ആശുപത്രികൾ തുറക്കുമെന്നും മുഹമ്മദലി അറിയിച്ചു. റിയാദിലെ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഉടൻ തുടക്കമിടും.


മൂന്നൂ പതിറ്റാണ്ടു കാലത്തെ ആരോഗ്യ രംഗത്തെ പ്രവർത്തന പാരമ്പര്യവുമായാണ് ജെ.എൻ.എച്ച് ആന്റ് റയാൻ ഗ്രൂപ്പ് ഗുലൈൽ ശാഖ തുറന്നിട്ടുള്ളത്. സ്വന്തം ഭൂമിയിൽ മൂപ്പതിനായിരത്തോളം സ്‌ക്വയർഫീറ്റ് വലിപ്പമുള്ള ആറുനില കെട്ടിടത്തിൽ ഒരു മൾട്ടി സെപെഷ്യാലിറ്റി ആശുപത്രിക്കുവേണ്ടുന്ന എല്ലാവിധ ആധുനിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും  ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ട് ഫ്‌ളോറിൽ വാഹന പാർക്കിംഗ് സൗകര്യവുമുണ്ട്. പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ പ്രതിദിനം 5000 രോഗികളെ വരെ ശുശ്രൂഷിക്കാവുന്ന ശേഷി ഈ ആശുപത്രിക്കുണ്ടാവും. നൂറ് രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഇവിടെ 20 പേരെ വരെ കിടത്താവുന്ന ഐ.സി.യുവുമുണ്ട്. എല്ലാവിധ ശസ്ത്രക്രിയകളും നടത്താവുന്ന ഏഴു തീയേറ്ററുകൾക്കു പുറമെ ഹൈടെക് ലാബ്, ബ്ലഡ് ബാങ്ക്, പി.സി.ആർ ടെസ്റ്റിംഗ് കേന്ദ്രം, കാത് ലാബ് തുടങ്ങിയവയും റേഡിയോളജി വിഭാഗത്തിൽ സി.ടി, എം.ആർ.ഐ സ്‌കാൻ, എക്‌റേ, അൾട്രാ സൗണ്ട് സംവിധാനങ്ങളുമുണ്ട്. ഇതിനു പുറമെ ആധുനിക ശബ്ദ, വെളിച്ച നിയന്ത്രണ സംവിധാനങ്ങളോടെ 250 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയവും ആശുപത്രിയോടനുബന്ധിച്ചുണ്ട്. സിവിൽ ഡിഫൻസിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ ഗ്രൗണ്ട് ഫ്‌ളോർ മുതൽ അഞ്ചാമത്തെ നിലവരെ കയറാവുന്ന റാംപ് ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ സവിശേഷതയാണ്. ഒരു അത്യാഹിതമുണ്ടായാൽ രണ്ട് മിനിറ്റുകൊണ്ട് എല്ലാ രോഗികളെയും ഇതുവഴി പുറത്തിറക്കാൻ കഴിയുംവിധമാണ് ഇതിന്റെ സംവിധാനം. സ്വദേശികൾക്കു മുൻഗണന നൽകി തുടക്കത്തിൽ 200 പേർക്കും പിന്നീട് ഘട്ടം ഘട്ടമായി വർധിപ്പിച്ച് 1500 ഓളം പേർക്കുവരെയും ജോലി നൽകാൻ ഈ സ്ഥാപനത്തിനു കഴിയും. സൗദിക്കു പുറമെ യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും ആരോഗ്യ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് ജെ.എൻ.എച്ച്, റയാൻ ഗ്രൂപ്പിന്റെ കുതിപ്പ്.

Latest News