Sorry, you need to enable JavaScript to visit this website.

വിദ്യാർഥികൾക്ക് സ്റ്റാർട്ടപ്പ് മിഷൻ ഐ.പി.എൽ

നൂതനത്വം, സാങ്കേതികത, സംരംഭകത്വം എന്നീ മേഖലകളിൽ താൽപര്യമുള്ള വിദ്യാർഥികൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഇനോവേറ്റേഴ്‌സ് പ്രീമിയർ ലീഗ് ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇനോവേഷൻ ആന്റ് ഒൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകൾ (ഐ.ഇ.ഡി.സി) വഴിയാണ് ഐ.പി.എൽ സംഘടിപ്പിക്കുന്നത്. സെപ്തംബർ 18 ന് ആരംഭിച്ച മത്സരങ്ങൾ ഈ വർഷം ഡിസംബർ 30 ന് അവസാനിക്കും. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ധനസഹായം, വിദഗ്‌ധോപദേശം, ആധുനിക സാങ്കേതികവിദ്യാ പരിശീലനം, ബൗദ്ധിക സ്വത്തവകാശ സഹായം എന്നിവ സ്റ്റാർട്ടപ്പ് മിഷൻ നൽകും.
കോളേജ് തലത്തിലും മേഖലാ തലത്തിലും പിന്നീട് സംസ്ഥാനതലത്തിലുമാണ് ഐ.പി.എൽ മത്സരങ്ങൾ നടക്കുന്നത്. താൽപര്യമുള്ള ഐ.ഇ.ഡി.സികൾക്ക് https://iedc.startupmission.in/ipl എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. വിവിധ വെല്ലുവിളികൾ, ഹാക്കത്തോണുകൾ, ഐഡിയാത്തോൺ, നൂതനത്വ പ്രദർശനങ്ങൾ, സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പുകൾ, ഐടോക്‌സ് എന്നിവ ഐ.പി.എല്ലിൽ ഉണ്ടാകും. സംസ്ഥാനത്തു നിന്നും മികച്ച കഴിവുകളുള്ള 1000 വിദ്യാർഥികളെ കണ്ടെത്തുകയെന്നതാണ് ഉദ്ദേശ്യം.
2022 ൽ നടക്കാൻ പോകുന്ന ഐ.ഇ.ഡി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള അധിക പോയന്റുകൾ ഐ.പി.എൽ പങ്കാളിത്തത്തോടെ ഐ.ഇ.ഡി.സികൾക്ക് ലഭിക്കും. നാല് മാസത്തെ ഈ മത്സരത്തിൽ മുമ്പിലെത്തുന്ന ആദ്യ 100 പേർക്ക് നൂതനത്വ ധനസഹായം ലഭിക്കും. ഇതിനു പുറമേ 1000 മികച്ച നൂതനാശയങ്ങളുള്ളവർക്ക് വിദഗ്‌ധോപദേശം, വാണിജ്യബന്ധങ്ങൾക്ക് സഹായം എന്നിവയും നൽകും. മികച്ച 100 ആശയങ്ങൾ ഐ.ഇ.ഡി.സി ഉച്ചകോടിയിൽ പ്രദർശിപ്പിക്കാനും അവസരമുണ്ടാകും.

Latest News