മലപ്പുറം- അസമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നടത്തിയ അക്രമ നടപടികളില്‍ അടിയന്തരമായി രാഷ്ട്രപതി ഇടപെടണമെന്ന് മുസ്‌ലിം ലീഗ് എം.പിമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പിമാരായ പി.വി. അബ്ദുല്‍ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി എന്നിവര്‍ കത്തയച്ചു.
കുടിയൊഴിപ്പിക്കലിന്റെ പേരില്‍ നടപ്പാക്കുന്നത് നരനായാട്ടും കൂട്ടക്കൊലയുമാണെന്നും ഇത് ഞെട്ടിക്കുന്നതും രാജ്യത്തിന് അപമാനകരവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
മൂന്നു പേരെ വെടിവെച്ച് കൊന്നതും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതും കടുത്ത മനുഷ്യാവകാശ ലംഘനമാണ്. മൃതശരീരങ്ങള്‍ക്കു മേല്‍ നൃത്തം ചവിട്ടുന്ന ജില്ലാ ഭരണകൂടത്തിന്റെ ഫോട്ടോഗ്രാഫര്‍ ബിജോയ് ശങ്കര്‍ ബനിയയും കൂട്ടു നില്‍ക്കുന്ന പോലീസും സംഭവത്തിന്റെ ഭയാനകത വിളിച്ചോതുന്നു. ഒരു ജീവിയോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണിത്. പതിറ്റാണ്ടുകളായി അധിവസിക്കുന്ന ഭൂമിയില്‍നിന്ന് പാവങ്ങളെ തോക്കുകള്‍ കൊണ്ട് തുടച്ചു നീക്കുന്ന ഭരണകൂടവും മൃതദേഹത്തില്‍ നൃത്തം ചവിട്ടുന്ന മാനസികാവസ്ഥയും ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ മുഖം വികൃതമാക്കുന്നതാണ്.
ബംഗാളി വംശജരായ 800 ഓളം മുസ്‌ലിംകള്‍ പതിറ്റാണ്ടുകളായി അധിവസിക്കുന്ന മേഖലയില്‍ ഒരു നഷ്ടപരിഹാരവും നല്‍കാതെ ഒഴിഞ്ഞു പോകാന്‍ ആജ്ഞാപിച്ച് തോക്കുകള്‍ കൊണ്ട് സംസാരിക്കുന്നവര്‍ പരത്തുന്ന വംശീയത നാനാത്വത്തില്‍ ഏകത്വം മുറുകെപിടിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന് ഭൂഷണമല്ല. മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മയുടെ ആജ്ഞപ്രകാരം നടക്കുന്ന കൊടിയ പാതകം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പോലീസുകാരെ നിയമത്തിനു മുമ്പിലെത്തിക്കുന്നതിനു നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു മുസ്‌ലിം ലീഗ് സാധ്യമായതെല്ലാം ചെയ്യുമെന്നും എം.പിമാര്‍ പറഞ്ഞു.






