ബലാത്സംഗ കേസ് പ്രതി കോടതിയുടെ കണ്ണില്‍ വിദ്യാര്‍ഥി പ്രതിഭ, കോളേജ് പുറത്താക്കി

ഗുവാഹത്തി- ഭാവി പ്രതിഭയെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ച ബലാത്സംഗ കേസ് പ്രതിയെ ഐ.ഐ.ടി ഗുവാഹത്തി പുറത്താക്കി. കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോളേജ് സെനറ്റ് തീരുമാനമെടുത്തതെന്ന് ഐ.ഐ.ടി വക്താവ് പറഞ്ഞു.
പരാതിക്കാരിയും പ്രതിയും  ഭാവി ആസ്തികളാണെന്ന് ചൂണ്ടിക്കാട്ടിയും പ്രായം കണക്കിലെടുത്തുമാണ് പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇരുവരും
വെവ്വേറെ സംസ്ഥാനക്കാരാണെന്നും കുറ്റപത്രം നല്‍കിയിരിക്കെ, പ്രതിയെ തടവില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മാര്‍ച്ച് 28ന് പെണ്‍കുട്ടിയുടെ വേഷം ധരിച്ച് ഹോസ്റ്റലില്‍ പ്രവേശിച്ച പ്രതി മദ്യം കുടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി.
അറസ്റ്റിലായ വിദ്യാര്‍ഥിക്ക് ഓഗസ്റ്റ് 13-നാണ് ജാമ്യം അനുവദിച്ചത്. ഇരുവരും വിദ്യാര്‍ഥി പ്രതിഭകളാണെന്നും ഗുവാഹത്തി ഹൈക്കോടതി വിശേഷിപ്പിച്ചുവെങ്കിലും ഇത്തരം സംഭവങ്ങളില്‍ സ്ഥാപനത്തിന് വലിയ ആശങ്കയുണ്ടെന്നും ഐ.ഐ.ടി ഡയരക്ടര്‍ പറഞ്ഞു.

 

Latest News