Sorry, you need to enable JavaScript to visit this website.

ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലികാറ്റ്; ഇന്ന് വൈകിട്ടോടെ കര തൊട്ടേക്കും

ന്യൂദല്‍ഹി-ബംഗാള്‍ ഉള്‍ക്കടലില്‍ ഗുലാബ് ചുഴലികാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാല്‍പൂരിനും ഇടയില്‍ കര തൊട്ടേക്കും. പരമാവധി 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.
വടക്കന്‍ ആന്ധ്രയിലും ഒഡീഷയുടെ തെക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനാംഗങ്ങളെ വിന്യസിച്ചതായും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ഒഡീഷയില്‍ മാത്രം ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റുഗാര്‍ഡിന്റെ പതിനഞ്ചിലധികം ബോട്ടുകള്‍ തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തീരമേഖലയില്‍ നിന്ന് പരമാവധി ആളുകളെ മാറ്റിപാര്‍പ്പിച്ചു.
നിലവില്‍ കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരള തീരത്തും കാറ്റ് ശക്തിപ്പെടാനും കാലവര്‍ഷം സജീവമാകാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്തംബര്‍ 28 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.സെപ്തംബര്‍ 26, 27 തീയതികളില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് ദുരന്തനിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Latest News