Sorry, you need to enable JavaScript to visit this website.

മൊബൈലുകൾക്ക് ഇനി ടൈപ്പ് സി ചാര്‍ജറുകള്‍ മാത്രം മതിയെന്ന് യൂറോപ്യന്‍ യൂനിയന്‍; ആപ്പിള്‍ വെട്ടില്‍

പാരിസ്- മൊബൈല്‍ ഡിവൈസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് സാര്‍വത്രികമായി ഉപയാഗിക്കാവുന്ന ഒരു ചാര്‍ജിങ് കോഡ് മാത്രം മതിയെന്ന് യൂറോപ്യന്‍ യൂനിയന്‍. യുഎസ്ബി- സി ടൈപ്പ് കേബിള്‍ മാത്രമെ ഉപയോഗിക്കാവൂ എന്ന പുതിയ നിയമം കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ കമ്മീഷന്‍. കാര്‍ബണ്‍ പുറന്തള്ളലും ഇ-മാലിന്യവും കുറയ്ക്കലാണ് പുതിയ നിയമനിര്‍മാണത്തിലൂടെ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. അതേസമയം ഈ നീക്കത്തെ വിമര്‍ശിച്ച് ടെക്ക് ഭീമനായ ആപ്പിള്‍ രംഗത്തുണ്ട്. മറ്റു ഡിവൈസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക തരം അതിവേഗ ചാര്‍ജിങ് പോര്‍ട്ടാണ് ഐഫോണ്‍ ഉള്‍പ്പെടെ ആപ്പിളിന്റെ ഡിവൈസുകളുടേത്. ഏറ്റവും കുടുതല്‍ ഉപയോഗത്തിലുള്ള സി ടൈപ്പ് മാത്രമെ ഉപയോഗിക്കാവൂ എന്ന നിയമം വന്നാല്‍ ആപ്പിളിനായിരിക്കും അത് വലിയ തിരിച്ചടിയാകുക. 

ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജി ഏകീകരണം വേണമെന്നും യുറോപ്യന്‍ യൂണിനന്‍ കൊണ്ടു വന്ന കരട് നിയമം അനുശാസിക്കുന്നു. ഡിവൈസുകള്‍ വാങ്ങുമ്പോള്‍ ചാര്‍ജര്‍ കൂടി വാങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കണമെന്നും നിയമം പറയുന്നു. 

മിക്കവരും ഒന്നിലേറെ ഡിവൈസുകള്‍ ഉപയോഗിക്കുന്നവരായിരിക്കും. ഒരോന്നിനും പ്രത്യേക ചാര്‍ജറുകള്‍ വാങ്ങുന്നതിനു പകരം എല്ലാറ്റിനും ഉപയോഗിക്കാവുന്ന ഒരു ചാര്‍ജര്‍ മതി എന്ന നയമാണ് യൂറോപ്യന്‍ യൂനിയന്റേത്. ഒരു സാധാരണ യൂറോപ്യന്‍ ചുരുങ്ങിയത് ശരാശരി മൂന്ന് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നുവെന്ന ഒരു പഠനവും യുറോപ്യന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. അനുയോജ്യമായ ഒരു ചാര്‍ജര്‍ ലഭിക്കാത്തിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതില്‍ പ്രയാസം നേരിട്ടതായി 38 ശതമാനം പേരും പരാതിപ്പെട്ടതായും ഈ പഠനത്തില്‍ പറയുന്നു. ഇതാണ് നിയമം കടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം. കൂടാതെ ഇപ്പോള്‍ ഓരോ വര്‍ഷവും യുറോപ്പില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന 11,000 മെട്രിക് ടണ്‍ ഇ-മാലിന്യം വെട്ടിക്കുറക്കാനും ഒറ്റ ചാര്‍ജര്‍ നയം വഴി ലക്ഷ്യമിടുന്നു. ഒരു പതിറ്റാണ്ടോളമായി ഇങ്ങനെ ഒരു നയം നടപ്പിലാക്കാന്‍ യുറോപ്യന്‍ യൂനിയന്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കമ്പനികളുടെ നയം കാരണം നടപ്പിലായില്ല. ഇതിപ്പോള്‍ നിയമം വഴി പരിഹരിക്കാനാണ് യുറോപ്യന്‍ യൂണിയന്റെ നീക്കം.
 

Latest News