വനിതാ കോണ്‍സ്റ്റബിളിനെ കാമുകനും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ഭോപാല്‍- ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായ വനിതാ കോണ്‍സ്റ്റബിളിനെ കാമുകനും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തുകയും സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. പോലീസുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകനും മുഖ്യപ്രതിയുമായ പവന്‍, പവന്റെ അമ്മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ പവന്റെ സഹോദരങ്ങള്‍ അടക്കം മൂന്ന് പേര്‍ മുങ്ങിയിരിക്കുകയാണ്. 

മാസങ്ങള്‍ക്കു മുമ്പാണ് പവന്‍ വനിതാ കോണ്‍സ്റ്റബിളിനെ ഫെയ്‌സ്ബുക്ക് വഴി കണ്ടുമുട്ടിയത്. തുടര്‍ന്ന് വാട്‌സാപ്പ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചു. പിന്നീട് നേരിട്ട് കാണാനും തുടങ്ങി. നീമച്ചിലെ മാനസ സ്വദേശിയായ പവന്‍ കാമുകിയായ പോലീസുകാരിയെ കാണാന്‍ ഇന്‍ഡോറിലേക്ക് യാത്ര ചെയ്യുന്നതും പതിവാക്കി. 

ഇതിനിടെ പ്രതി പവന്‍ സഹോദരന്‍ ധിരേന്ദ്രയുടെ ജന്മദിനാഘോഷത്തിന് പോലീസുകാരിയെ മാനസയിലേക്ക് ക്ഷണിച്ചു വരുത്തി. പവന്‍ വീട്ടില്‍ വച്ചാണ് ധിരേന്ദ്രയും മറ്റൊരു സഹോദരനായ വിജയും ചേര്‍ന്ന് പോലീസുകാരിയെ ബലാത്സംഗം ചെയ്ത് വിഡിയോ പിടിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പവന്‍ വീട്ടിലെത്തിയപ്പേള്‍ സംഭവം പറഞ്ഞതോടെ പവനും തന്നെ പീഡിപ്പിച്ചെന്ന് പോലീസുകാരി പരാതിയില്‍ പറയുന്നു. ഇവരുടെ അമ്മയെ പോലീസുകാരി വിവരം അറിയിച്ചപ്പോള്‍ അവരും ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു ഭീഷണി. പ്രതികളുടെ ബന്ധുവായ ഒരാളും പോലീസുകാരിയെ ഭീഷണിപ്പെടുത്തുകയും പണംതട്ടാന്‍ ശ്രമിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. ഇതോടെ യുവതി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
 

Latest News