കാസര്‍കോട്- മഞ്ചേശ്വരത്ത് തീവണ്ടി തട്ടി പാളം മുറിച്ചുകടക്കുകയായിരുന്ന സഹോദരിമാരും കുഞ്ഞും മരിച്ചു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ ദുരന്തം. മഞ്ചേശ്വരം പൊസോട്ട് സാത്തിയടുക്കത്തെ കെ.ടി അബൂബക്കറിന്റെ മകള്‍ ആമിന ( 50 ) സഹോദരി ആയിഷ ( 40 ) ആയിഷയുടെ മകന്‍ കാമില്‍ ( മൂന്ന് ) എന്നിവരാണ് മരിച്ചത്. കാസര്‍കോട്‌നിന്ന് മംഗളുരു ഭാഗത്തേക്കുള്ള കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയ ഉടനെ പിന്‍ഭാഗത്ത് കൂടി പാളം മുറിച്ചു കടക്കുകയായിരുന്ന സ്ത്രീകളെയും കുഞ്ഞിനേയും മംഗളുരു ഭാഗത്തുനിന്ന് കുതിച്ചെത്തിയ എന്‍ജിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കടന്നുപോയ ട്രെയിനിന്റെ ശബ്ദം കാരണം എതിരെയുള്ള പാളത്തിലൂടെ വരുന്ന എന്‍ജിന്‍ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. കുഞ്ഞിനെ എടുത്ത് സ്ത്രീകള്‍ പാളം മുറിച്ചു കടക്കുന്നത് ഓട്ടത്തിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട രണ്ടു ട്രെയിനിന്റെയും ലോക്കോ പൈലറ്റുമാര്‍ നിര്‍ത്താതെ ഹോണടിച്ചിരുന്നുവെങ്കിലും സ്ത്രീകള്‍ കേട്ടില്ലെന്ന് പറയുന്നു. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് വടക്ക് ഭാഗത്ത് യാത്രക്കാര്‍ക്ക് നടന്നുപോകാന്‍ ഒരുക്കിയിരുന്ന വഴിയിലൂടെയാണ് ആമിനയും അയിഷയും പാളം മുറിച്ചുകടന്നിരുന്നത്. തീവണ്ടി എന്‍ജിന് മുന്‍ഭാഗം കുടുങ്ങിപ്പോയ മൂന്ന് മൃതദേഹങ്ങളും നൂറ്റമ്പത് മീറ്ററോളം ദൂരത്തേക്ക് വലിച്ചുകൊണ്ടുപോയിരുന്നു. സ്ത്രീകളുടെയും കുഞ്ഞിന്റെയും കൈകാലുകളും ശരീര ഭാഗങ്ങളും ചതഞ്ഞരഞ്ഞു. മരിച്ച ആമിനയുടെ തലക്കാണ് കാര്യമായ പരിക്കേറ്റത്. തലയുടെ ഒരുഭാഗം മുറിഞ്ഞുപോയ ഇവരുടെ ശരീരം പ്ലേറ്റിഫോമിലാണ് കിടന്നിരുന്നത്. കമലിന്റെ ശരീരം റെയില്‍ പാളത്തിന് നടുവിലും കാണപ്പെട്ടു. ട്രെയിന്‍ ഇടിച്ചു മുറിഞ്ഞുപോയ ശരീര ഭാഗങ്ങള്‍ പാളത്തിലും പ്ലാറ്റുഫോമിലും ചിതറി തെറിച്ച നിലയിലായിരുന്നു.