കോട്ടയം- നഗരത്തിൽ പട്ടാപ്പകൽ ബൈക്കിൽ യാത്ര ചെയ്ത യുവതിയുടെ താലിമാല ബൈക്കിലെത്തിയ സംഘം കവർന്നു. സ്‌കൂട്ടറിൽ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന കോട്ടയം മറിയപ്പള്ളി സ്വദേശിനി ശ്രീക്കുട്ടിയുടെ രണ്ടേകാൽ പവൻ വരുന്ന താലിമാലയാണ് സംഘം മോഷ്ടിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. എം.സി റോഡിൽ പുളിമൂട് ജംഗ്ഷനു സമീപമാണു സംഭവം. പുളിമൂട് കവലയിലേക്ക് എത്തുന്ന ട്രാഫിക്കിൽ ബ്ലോക്ക് ഉള്ളതിനാൽ ശ്രീക്കുട്ടി വാഹനം സാവധാനം ഓടിക്കുകയായിരുന്നു. ഈ സമയം തൊട്ടു പിന്നാലെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് സംഭവം. തിരുനക്കരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ് ശ്രീക്കുട്ടി. രാവിലെ ജോലിക്ക് വേണ്ടി പോകുന്ന വഴിക്കാണ് മോഷണം നടന്നത്. സംഭവം നടന്ന ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണത്തിന് തുടക്കമിട്ടു. സിസിടിവി പരിശോധിച്ച പോലീസ് പ്രതികളെ വേഗത്തിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വൈകാതെ തന്നെ ഇവരെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശം അനുസരിച്ച് ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിയിലെ ജീവനക്കാരൻ കൈലേഷിന്റെ ഭാര്യയാണ് ശ്രീക്കുട്ടി. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. കവർച്ച സംഘത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് വിവരം അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു. സി.സി.ടി.വി ദൃശ്യങ്ങളും പ്രതിയുടെ ദൃശ്യങ്ങളും പോലീസ് ഇതിനായി പ്രചരിപ്പിക്കുന്നുണ്ട്.