Sorry, you need to enable JavaScript to visit this website.

വയനാട് ഡി.സി.സി പ്രസിഡന്റ് നടത്തിയ  നിയമനങ്ങൾ കെ.പി.സി.സി മരവിപ്പിച്ചു

കൽപറ്റ- ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ നടത്തിയ നിയമനങ്ങൾ കെ.പി.സി.സി മരവിപ്പിച്ചു. പാർട്ടി ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ നിർദേശിച്ച 14 പേരുകൾ ഉൾപ്പെടുത്തി 23 നു ഡി.സി.സി പ്രസിഡന്റ് നടത്തിയ ഭാരവാഹി നിയമനങ്ങളാണ് മരവിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ ആദ്യമായി നടത്തിയ നിയമനങ്ങൾ കെ.പി.സി.സി മരവിപ്പിച്ചത് അപ്പച്ചനു തിരിച്ചടിയായി. ഡി.സി.സി പ്രസിഡന്റ് ഒപ്പിട്ട ഭാരവാഹി പട്ടിക പുറത്തുവന്നതിനു പിന്നാലെ ലഭിച്ച പരാതികളാണ് പുതിയ നിയമനങ്ങൾ കെ.പി.സി.സി മരവിപ്പിക്കുന്നതിനു കാരണമായത്. ബൂത്തുതലത്തിൽപോലും സജീവമായി പ്രവർത്തിക്കാത്തവരെയാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായി നിയമിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതികളിൽ അധികവും. 
26 ഭാരവാഹികളടങ്ങുന്നതാണ് നിലവിലെ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പുതുതായി കെ.എം. ഉസ്മാൻ തിരുനെല്ലി (വൈസ് പ്രസിഡന്റ്), എ.എ. അനുമോദ് കുമാർ തൊവരിമല (ട്രഷറർ), ശ്രീനിവാസൻ തൊവരിമല, എ.കെ. ഷാജി താഴത്തൂർ, എം.സി. ഷിജു താഴത്തൂർ, ജിജി അലക്‌സ് മൂലങ്കാവ്, അമീർഖാൻ ഇല്ലിക്കൽ കറക്കണ്ടി, അസീസ് മാടാല പട്ടരുപടി, സണ്ണി ചൂരിമല കോളഗപ്പാറ, പി.എ. മോഹനൻ കിടങ്ങനാട്, ശാലിനി രാജേഷ് കുപ്പാടി, എൻ.കെ. വാസു നൂൽപ്പുഴ, എം.വി. തോമസ് കളത്തുവയൽ, സി.എം. അബു നമ്പ്യാർകുന്ന് (ജനറൽ സെക്രട്ടറിമാർ) എന്നിവരെയാണ് ഭാരവാഹികളായി നിയമിച്ചത്. 
ബ്ലോക്കിൽ കോൺഗ്രസിന്റെ പ്രവർത്തനം സജീവമാക്കുന്നതിനും പുതുതായി രൂപീകരിക്കുന്ന കോൺഗ്രസ് യൂനിറ്റ് കമ്മിറ്റികളുടെ പ്രവർത്തനം ബൂത്ത് തലത്തിൽ ഏകോപിപ്പിക്കുന്നതിനും നെൻമേനി പഞ്ചായത്തിലെ ബൂത്തുകളിൽ 201 യൂനിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിനും താങ്കൾ നിർദേശിച്ച ആളുകളെ ഭാരവാഹികളായി നിയമിക്കുന്നതായാണ് ഡി.സി.സി പ്രസിഡന്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനു നൽകിയ കത്തിൽ പറയുന്നത്.
 

Latest News