മകനെ കേസില്‍ കുടുക്കിയ അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ വയോധിക ദമ്പതികള്‍ സ്വന്തം പേരക്കുട്ടിയെ കൊന്നു

അലിഗഢ്- മകനെ ബലാത്സംഗ കേസില്‍ കുടുക്കിയ അയല്‍വാസിയോട് പ്രതികാരം ചെയ്യാന്‍ വയോധികരായ ദമ്പതികള്‍ ചേര്‍ന്ന് എട്ടു വയസ്സുള്ള സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തി. യുപിയിലെ അലിഗഢ് ജില്ലയിലാണ് സംഭവം.  70ലേറെ പ്രായമുള്ള ലേഖ് രാജ്, സംപത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊന്ന സംഭവം അയല്‍വാസിയുടെ പേരിലിട്ട് അറസ്റ്റ് ചെയ്യിക്കാനായിരുന്നു ദമ്പതികളുടെ പ്ലാന്‍. സെപ്തംബര്‍ 20നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അയല്‍വാസി വ്യാജ കൊലക്കേസില്‍ കുടുങ്ങുന്നതോടെ മകനെതിരായ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാമെന്നായിരുന്നു പ്രതികളായ ദമ്പതികളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. പേരക്കുട്ടിയെ കൊന്നതായി ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ആഴ്ചകളായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. എന്നാല്‍ ഇതിനിടെ കാണാതായ ദിവസം കുട്ടി സ്‌കൂളില്‍ പോയി എന്ന് ദമ്പതികള്‍ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. 

പെണ്‍കുട്ടിയുടെ മൃതദേഹത്തിനു സമീപം ഇവര്‍ സ്‌കൂള്‍ ബാഗും ഉപേക്ഷിച്ചിരുന്നു. മൃതദേഹം കണ്ടെടുത്ത പാടത്തിനു സമീപം നിരവധി പേര്‍ ദമ്പതികളെ കണ്ടിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ പ്രതികളായ വയോധിക ദമ്പതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മകനെതിരായ പീഡനക്കേസ് നടത്തിപ്പു ചെലവുകള്‍ കാരണം കുടുംബ പട്ടിണിയിലായിരുന്നു. ഇതാണ് സ്വന്തം പേരക്കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് ഇവരെ നയിച്ചതെന്നും പോലീസ് പറഞ്ഞു.

Latest News