Sorry, you need to enable JavaScript to visit this website.

ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി ഐ.എ.എസ് തിളക്കത്തില്‍

ദമാം- പ്രവാസ ലോകത്തെ മലയാളി സമൂഹത്തില്‍ ആവേശ തിരയിളക്കി ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിനി ദീന ദസ്തക്കീറിന്് ഐ എ എസ് പരീക്ഷയില്‍ 63 ാം റാങ്ക് നേടി. ഫലം പുറത്തു വന്നതോടെ ഏറെ സന്തോഷത്തിലാണ് ദീന ദസ്തക്കീറിന്റെ കുടുംബവും ബന്ധുക്കളും നാട്ടുകാരും കൂടെ പ്രവാസ ലോകവും.  
കഴിഞ്ഞ ഇരുപത്തി എട്ടു കൊല്ലമായി ദമാം കെ എഫ് യു പി എമ്മില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന സീനിയര്‍ ശാസ്ത്രജ്ഞന്‍ മുഹമ്മദ് ദസ്തക്കീറാണ് ദീനയുടെ പിതാവ്. 
2017 ല്‍  തിരുവനന്തപുരം എല്‍ ബി എസ് വിമന്‍സ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കെഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ദീന ദസ്തക്കീര്‍ പ്ലസ് ടു പഠനം മുതല്‍ തന്നെ ഐ എ എസ് എന്ന സ്വപ്നവുമായി  കഠിന ശ്രമത്തിലായിരുന്നുവെന്നു ദമാമിലെക്കുള്ള യാത്രാ മദ്ധ്യേ ദുബായിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന പിതാവ് മുഹമ്മദ് ദസ്തക്കീര്‍ മലയാളം ന്യൂസിനോട് പറഞ്ഞു. എഞ്ചിനീയറിംഗ് ബിരുദത്തിനു ശേഷം നിരവധി മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ നിന്നും ജോലിക്കുള്ള ഓഫര്‍ വന്നെങ്കിലും ഐ എ എസ് എന്ന സ്വപനവുമായി മുന്നോട്ടു പോകുകയായിരുന്നു ദീന. 2013 ലാണ് ദമാം ഇന്ത്യന്‍ സ്‌കൂളില്‍നിന്ന് ഗോള്‍ഡ് മേഡലോടെ പ്ലസ് ടു പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. പത്താം തരത്തിലും ദമാം സ്‌കൂളിലെ ഗോള്‍ഡ് മെഡലിസ്റ്റ് ആയിരുന്നു. പഠനത്തോടൊപ്പം വളരെ ചെറുപ്പത്തില്‍ തന്നെ പൊതു വിജ്ഞാനത്തില്‍ ഏറെ തല്‍പരയായിരുന്ന ദീന പഠനത്തിന്റെ എല്ലാ ഘട്ടത്തിലും അത് നില നിറുത്താന്‍ ശ്രമിച്ചിരുന്നു. അല്‍പം കഠിനാധ്വാനവും ആത്മ വിശ്വാസവും ഉണ്ടെങ്കില്‍ ലക്ഷ്യത്തിലെത്താന്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വരില്ലെന്ന് ദീന വിശ്വസിക്കുന്നു. സമൂഹ നന്മയും രാജ്യത്തിന്റെ വളര്‍ച്ചയും ഏറെ പ്രാധാന്യമാനെന്നും തനിക്കു കിട്ടിയ ഐ എ എസ് റാങ്ക് മാതാ പിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രാര്‍ത്ഥനയുടെയും പിന്തുണയുടെയും ഭാഗമാണെന്നും ദൈവത്തിനു നന്ദി പറയുന്നതായും ദീന പറഞ്ഞു.
ദമാം ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പൂര്‍വ വിദ്യാര്‍ത്ഥിക്ക് ഐ എ എസ് പരീക്ഷയില്‍ റാങ്ക് ലഭിക്കുന്നത്. തിരുവനതപുരം ക്ലിഫ് ഹൗസിനു സമീപം താമസിക്കുന്ന ദസ്തക്കീറിന്റെ കുടുംബം ഏറെ ആഹ്ലാദത്തിലാണ്. നേരത്തെ ദമാമില്‍ ഉണ്ടായിരുന്ന മുഹമ്മദ് ദസ്തക്കീറിന്‍റെ ഭാര്യ ഷര്‍മിള ദസ്തക്കീര്‍, മകന്‍ എഞ്ചിനീയര്‍ ഫഹീം ദസ്തക്കീര്‍ എന്നിവര്‍ ഇപ്പോള്‍ നാട്ടിലാണ്.

 

 

 

Latest News