ന്യൂദല്‍ഹി- രണ്ടു വര്‍ഷമായി യു.എ.ഇ ജയിലില്‍ കഴിയുന്ന പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് രാമചന്ദ്രന്‍ ജയിലിലായത്. കടം വീട്ടാനുള്ള ശേഷി രാമചന്ദ്രനുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 11 കേസുകളില്‍ എതിര്‍ കക്ഷികള്‍ ഒത്തു തീര്‍പ്പിനു തയാറായിട്ടുണ്ട്. നാട്ടിലേയും വിദേശത്തേയും സ്വത്തുക്കള്‍ വിറ്റ് ബാധ്യത തീര്‍ക്കാന്‍ രാമചന്ദ്രന് കഴിയും. അതിന് അദ്ദേഹം ജയില്‍ മോചിതനാകണം.
സ്വത്തു വിവരം വ്യക്തമായതോടെ രാമചന്ദ്രന്‍ സത്യവാങ്മൂലം നല്‍കുന്ന പക്ഷം കേസില്‍നിന്ന് പിന്മാറാന്‍ ബാങ്കുകളും തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു കേസില്‍ ഒത്തു തീര്‍പ്പിലെത്താത്തതാണ് ഇനിയുള്ള തടസ്സം. ഈ കേസിലെ ഉത്തരേന്ത്യക്കാരായ കക്ഷികളുമായി മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തുടരുകയാണ്.
രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ സംസ്ഥാന ബി.ജെ.പി നേതൃത്വം മുഖേനയാണ് വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മുമ്പിലെത്തിച്ചത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവും ഇതില്‍ ഇടപെട്ടിട്ടുണ്ട്. ഒത്തു തീര്‍പ്പിനു വഴങ്ങാത്ത ദല്‍ഹിയിലെ ഗുജറാത്തി വ്യവസായികളെ അനുനയിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.






