VIDEO യുവാക്കള്‍ പക തീര്‍ത്തത് ആഘോഷത്തിനിടെ, ഇരുവരും അറസ്റ്റില്‍

റിയാദ് - റിയാദ് പ്രവിശ്യയില്‍ പെട്ട ദവാദ്മിയില്‍ നടന്ന ദേശീയദിനാഘോഷത്തിനിടെ സംഘര്‍ഷത്തിലേര്‍പ്പെട്ട രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. ഇരുപതിനടുത്ത് പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.
ദവാദ്മിയിലെ ചത്വരത്തില്‍ നിരവധി പേര്‍ പങ്കെടുത്ത ആഘോഷ പരിപാടിക്കിടെയാണ് രണ്ടു യുവാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇരുവരും തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. ഇതിനിടെ കൂട്ടത്തില്‍ ഒരാള്‍ പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് എതിരാളിയെ കുത്തിപ്പരിക്കേല്‍പിക്കാനും ശ്രമിച്ചു. മറ്റുള്ളവര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയതത്. ദേശീയദിനാഘോഷ പരിപാടി അല്‍പനേരം അലങ്കോലമാക്കാന്‍ സംഘര്‍ഷം ഇടയാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News