കൈവെട്ടും വധശിക്ഷയും വീണ്ടും നടപ്പാക്കും; പരസ്യമാക്കണോ എന്നത് പിന്നീട് തീരുമാനിക്കുമെന്ന് താലിബാന്‍ നേതാവ്

കാബൂള്‍- അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ വീണ്ടും കൈവെട്ടു ശിക്ഷയും വധശിക്ഷയും പുനസ്ഥാപിക്കുമെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് മുല്ല നൂറുദ്ദീന്‍ തുറാബി. മുന്‍ താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ ഇസ്‌ലാമിക നിയമ ഉപദേശകനായിരുന്നു താലിബാന്‍ സഹസ്ഥാപകന്‍ കൂടിയാ മുല്ലാ നൂറുദ്ദീന്‍. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കെവെട്ടല്‍ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്. അത് കുറ്റകൃത്യങ്ങളെ നന്നായി തടയാന്‍ സഹായിക്കുന്നുണ്ട്. ശിക്ഷകള്‍ നടപ്പാക്കുന്നത് പരസ്യമായി വേണോ എന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണെന്നും പുതിയ നയം രൂപീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

അഫ്ഗാനിസ്ഥാന്റെ ഭരണത്തില്‍ പുറത്തു നിന്ന് ഇടപെടല്‍ വേണ്ടെന്ന് ലോക രാജ്യങ്ങള്‍ക്ക് അ്ദദേഹം മുന്നറിയിപ്പും നല്‍കി. മുന്‍ താലിബാന്‍ സര്‍ക്കാരിന്റെ കാലത്ത് തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലും മറ്റും പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന രീതിയോടുള്ള വിമര്‍ശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. 

'സ്റ്റേഡിയങ്ങളില്‍ നടത്തുന്ന ഞങ്ങളുടെ ശിക്ഷാ രീതികളെ കുറിച്ച് എല്ലാവരും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ഞങ്ങള്‍ ഒരിക്കലും അവരുടെ നിയമങ്ങളെ കുറിച്ചോ ശിക്ഷകളെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിയമങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് ആരും പറഞ്ഞ് തരേണ്ടതില്ല. ഇസ്‌ലാം അനുസരിച്ച് ഖുര്‍ആനെ അടിസ്ഥാനമാക്കി ഞങ്ങള്‍ നിയമം നിര്‍മിക്കും,' മുല്ലാ നൂറുദ്ദീന്‍ പറഞ്ഞു. 

90കളിലെ താലിബാന്‍ സര്‍ക്കാര്‍ കാലത്ത് കൊലക്കേസ് പ്രതികളെ ഇരകളുടെ കുടുംബത്തെ കൊണ്ട് തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നു ശിക്ഷ. ഇരകളുടെ കുടുംബം നഷ്ടപരിഹാരത്തുക വാങ്ങാന്‍ സമ്മതിച്ചാല്‍ പ്രതിയെ വെറുവിടും. മോഷണ കുറ്റങ്ങള്‍ക്ക് ഒരു കൈയും ഹൈവേകളിലെ കൊള്ളയ്ക്ക് ഒരു കൈയും കാലും വെട്ടലുമായിരുന്നു അന്നത്തെ ശിക്ഷ. 

Latest News