ഭര്‍ത്താവിനെതിരെ കേസുള്ളതിനാല്‍ ഭാര്യക്ക് ലോട്ടറി സമ്മാന തുക നിഷേധിച്ചു; സര്‍ക്കാരിന് തിരിച്ചടി

കൊച്ചി- ലോട്ടറിയടിച്ച ഒന്നാം സമ്മാനത്തുക കേസുള്ളതിനാല്‍ നല്‍കാനാകില്ലെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി. സമ്മാനത്തുകയായ 65 ലക്ഷം രൂപ ഹരജിക്കാരിക്ക് കൈമാറണമെന്ന് ജസ്റ്റിസ് പി. വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ലോട്ടറി ഏജന്റായ ഭര്‍ത്താവിനെതിരെ കേസുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഭാര്യക്ക് ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ തടഞ്ഞുവെച്ചത്. ഇതിനെതിരെ കണ്ണൂരിലെ മഞ്ജു ലോട്ടറി ഏജന്‍സി ഉടമ മുരളീധരന്റെ ഭാര്യ പി. ഷിത നല്‍കിയ ഹരജിയിലാണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.
കണ്ണൂരില്‍ ലോട്ടറി ഏജന്‍സി നടത്തിയിരുന്ന ഷിതയുടെ ഭര്‍ത്താവ് മുരളീധരന്‍ ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയതിന് കേസെടുത്തിരുന്നു.തുടര്‍ന്ന് മുരളീധരന്റെ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ ഭാര്യ ഷിതയ്ക്ക് ലോട്ടറി തുക സര്‍ക്കാര്‍ തടഞ്ഞുവെച്ചത്.
ഒന്നാം സമ്മാനമായി ലഭിച്ച 65 ലക്ഷം രൂപ ഇവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ കൈമാറണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. സമ്മാനത്തുകയ്ക്ക് അര്‍ഹമായ ലോട്ടറി ടിക്കറ്റ് നടപടിക്രമങ്ങള്‍ പാലിച്ചാണ് ഹരജിക്കാരി സമര്‍പ്പിച്ചതെന്നും ഹരജിക്കാരിക്കെതിരെ കേസ് നിലവിലില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

 

Latest News