പയ്യന്നൂര്‍- പയ്യന്നൂരിലെ വിവാദമായ പോക്‌സോ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോലീസ് ഉദ്യോഗസ്ഥന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ കാറിനകത്തു വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ പയ്യന്നൂര്‍ പെരുമ്പയിലെ വ്യാപാരി ഉള്‍പ്പെടെ 6 പേര്‍ പ്രതിയായ കേസിന്റെ അന്വേഷണമാണ് റൂറല്‍ എസ്.പി നവനീത് ശര്‍മ്മ, ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മ, എസ്.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം കൈമാറിയത്. കണ്ണൂര്‍ ജില്ല റൂറല്‍ െ്രെകം ബ്രാഞ്ച് ഡി.വൈ.എസ്.പി, പി.വി. മനോജ് കുമാറിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിന് മേല്‍നോട്ടം നിര്‍വഹിക്കുന്നതില്‍ നിന്ന് പയ്യന്നൂര്‍ ഡി.വൈ.എസ്.പിയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ മാതാവ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിരുന്നത്.
ഡി.വൈ.എസ്.പിയുടെ ഓഫീസ് സ്വാധീനിച്ച് പ്രതികള്‍ കേസന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും, ഈ സംഘമാണ് നേരത്തെ കുട്ടിയുടെ പിതാവായ പോലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയതെന്നും മാതാവ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. മകള്‍ക്കുണ്ടായ ദുരനുഭവം മൂടി വെക്കുന്നതിനാണ് വ്യാപാരി ഭര്‍ത്താവ് മര്‍ദിച്ചുവെന്ന കള്ള പരാതി നല്‍കി അദ്ദേഹത്തെ സ്ഥലം മാറ്റിയത്. ഈ പരാതി ലഭിച്ചപ്പോള്‍ തന്നെ ഡിവൈ.എസ്.പി, ഭര്‍ത്താവിനോട് തട്ടിക്കയറുകയും, വിശദീകരണം പോലും ചോദിക്കാതെ മടക്കി അയക്കുകയും ചെയ്തു. മാത്രമല്ല, പ്രതിയുടെ സഹോദരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും ഇവര്‍ക്ക് ഉന്നത രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ ഉണ്ടെന്നും ഭര്‍ത്താവിനോട് പറയുകയും ചെയ്തു. പ്രതികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന ഡിവൈ.എസ്.പിക്ക് കീഴില്‍ ഈ കേസിന്റെ അന്വേഷണം നടന്നാല്‍ മകള്‍ക്കും തന്റെ കുടുംബത്തിനും നീതി ലഭിക്കില്ലെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി വിശദമായി പരിശോധിച്ച എസ്.പി, ഉടന്‍ തന്നെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച്, പയ്യന്നൂര്‍ സി.ഐ മഹേഷ്. കെ. നായരോട് കേസ് ഫയലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഈ ഫയലുകള്‍ ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കും. കഴിഞ്ഞ മാസം 19 ന് പയ്യന്നൂര്‍ പെരുമ്പയിലാണ് പരാതിക്കാധാരമായ സംഭവം നടന്നത്. കേസില്‍ പ്രതിയായ വ്യാപാരി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുവെന്നാണ് വിവരം.






