തൃശൂര്‍ - തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിറമാല മഹോത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തിരുന്നയാള്‍ക്ക് താഴെ വീണ് പരിക്കേറ്റു.
വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. അടാട്ട് പരമു എന്ന പാണഞ്ചേരി പരമേശ്വരന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന കുനിശേരി സ്വാമിനാഥന്(50) പ രിക്കേറ്റു. എഴുന്നള്ളിപ്പ് തുടങ്ങിയ സമയത്ത് നെറ്റിപ്പട്ടം കെട്ടിയ ഉടന്‍ ആന വിരണ്ട് തിരിഞ്ഞ് പുറത്തിരുന്നിരുന്ന സ്വാമിനാഥനെ കുടഞ്ഞ് താഴേക്കിടുകയായിരുന്നു. പാപ്പാന്‍മാര്‍ തക്കസമയത്ത് ആനയുടെ ശ്രദ്ധ തിരിച്ചതിനാല്‍ സ്വാമിനാഥനു നേരെ ആന ആക്രമിക്കാന്‍ ശ്രമിച്ചില്ല. കൈക്ക് പരിക്കറ്റ സ്വാമിനാഥനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടഞ്ഞ കൊമ്പനെ ഒരു മണിക്കൂറിനു ശേഷമാണ് തളയ്ക്കാനായത്. പടിഞ്ഞാറെ നടയിലെ ദീപസ്തംഭം ആന തട്ടി താഴെയിട്ടു. പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് വടമിട്ടാണ് ആനയെ വൈകീട്ട് നാലുമണിയോടെ തളച്ചത്. നിറമാലക്കെത്തിയതിനേക്കാള്‍ ജനക്കൂട്ടം ആനയിടഞ്ഞതറിഞ്ഞ് ക്ഷേത്രത്തിലെത്തിയിരുന്നു. ഇവരെ ക്ഷേത്രത്തില്‍ നിന്നൊഴിപ്പിക്കാന്‍ പോലീസ് പാടുപെട്ടു. അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ കയ്യേറ്റ ശ്രമമുണ്ടായി. ആനയിടഞ്ഞ ചിത്രങ്ങള്‍ എടുക്കരുതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. പോലീസെത്തിയാണ് പാപ്പാന്‍മാരെ മാറ്റിയത്.