റിട്‌സ് കാൾട്ടൻ ഹോട്ടലിൽ ഇനി പ്രതികളാരുമില്ല
56 പേർ കസ്റ്റഡിയിൽ
റിയാദ് - അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്ത പ്രതികളുമായുണ്ടാക്കിയ ഒത്തുതീർപ്പ് ധാരണകളിലൂടെ 40,000 കോടിയിലേറെ റിയാൽ വീണ്ടെടുത്തതായി അറ്റോർണി ജനറലും അഴിമതി വിരുദ്ധ സുപ്രീം കമ്മിറ്റി അംഗവുമായ ശൈഖ് സൗദ് അൽമുഅജബ് വെളിപ്പെടുത്തി. കമ്പനികളും കെട്ടിടങ്ങളും പണവും ഓഹരികളും ബോണ്ടുകളും അടക്കമുള്ളവയാണ് ഒത്തുതീർപ്പ് ധാരണകളിലൂടെ പൊതുഖജനാവിലേക്ക് ലഭിച്ചത്.
അഴിമതി വിരുദ്ധ പോരാട്ടത്തിന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ നവംബർ നാലിന് കമ്മിറ്റി രൂപീകരിച്ച ശേഷം ഇതുവരെ 381 പേരെയാണ് വിളിച്ചുവരുത്തിയും കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്തത്. ഇതിൽ ചിലരെ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നതിനാണ് വിളിച്ചുവരുത്തിയത്. നിരപരാധികളാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കസ്റ്റഡിയിലുള്ളവരിൽ ചിലരെ ഘട്ടംഘട്ടമായി വിട്ടയച്ചു.
അഴിമതി ആരോപണം സമ്മതിക്കുകയും അഴിമതിപ്പണം പൊതുഖജനാവിൽ തിരിച്ചടയ്ക്കുന്നതിന് ഒത്തുതീർപ്പ് ധാരണകളുണ്ടാക്കുകയും ചെയ്തവരെയും ഘട്ടംഘട്ടമായി വിട്ടയച്ചു. മറ്റു ക്രിമിനൽ കേസുകളിൽ പ്രതികളായതിനാൽ അന്വേഷണം പൂർത്തിയാക്കുന്നതിന് 56 പേരെ മോചിപ്പിക്കാൻ അറ്റോർണി ജനറൽ വിസമ്മതിച്ചു.
റിയാദ് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ താമസിപ്പിച്ച മുഴുവൻ പ്രതികളെയും വിട്ടയച്ചതായി അധികൃതർ വെളിപ്പെടുത്തി. റിട്‌സ് കാൾട്ടൻ ഹോട്ടലിൽ ഇപ്പോൾ പ്രതികളാരും അവശേഷിക്കുന്നില്ല. സൗദിയിലെ ഏറ്റവും വലിയ സമ്പന്നനും കിംഗ്ഡം ഹോൾഡിംഗ് ഗ്രൂപ്പ് ചെയർമാനുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരനെ ശനിയാഴ്ച റിട്‌സ് കാൾട്ടൻ ഹോട്ടലിൽ നിന്ന് വിട്ടയച്ചിരുന്നു.
സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉടമകളിൽ പെട്ട ബിൻ ലാദിൻ സഹോദരന്മാരും മോചിതരായവരുടെ കൂട്ടത്തിൽ പെടും. കാലാവസ്ഥ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുൻ പ്രസിഡന്റ് തുർക്കി ബിൻ നാസിർ രാജകുമാരൻ, എം.ബി.സി ചാനൽ ഗ്രൂപ്പ് ഉടമ വലീദ് അൽഇബ്രാഹിം അടക്കമുള്ളവരെയും കഴിഞ്ഞ ദിവസങ്ങളിൽ വിട്ടയച്ചിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മന്ത്രിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കം ഇരുനൂറിലേറെ പേരെയാണ് നവംബർ ആദ്യത്തിൽ അറസ്റ്റ് ചെയ്ത് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ അടച്ചത്. അഴിമതി കേസ് പ്രതികളെ പാർപ്പിക്കുന്നതിന് ഹോട്ടൽ ഒഴിപ്പിക്കുകയായിരുന്നു. അഴിമതിയിലൂടെ സമ്പാദിച്ച തുക പൊതുഖജനാവിൽ തിരിച്ചടയ്ക്കുന്നതിന് ഒത്തുതീർപ്പ് ധാരണയുണ്ടാക്കിയതിനെ തുടർന്നാണ് പ്രതികളെ വിട്ടയച്ചത്.
അഴിമതി ആരോപണം നിഷേധിക്കുകയും അഴിമതിപ്പണം പൊതുഖജനാവിൽ തിരിച്ചടയ്ക്കുന്നതിന് വിസമ്മതിക്കുകയും ചെയ്തവരെയും മറ്റു കേസുകളിൽ പ്രതികളായവരെയും ഹോട്ടലിൽ നിന്ന് ജയിലുകളിലേക്ക് മാറ്റി. അഴിമതി കേസുകളിൽ അറസ്റ്റിലായ 95 ശതമാനം പേരും അഴിമതിപ്പണം തിരിച്ചുനൽകി ഒത്തുതീർപ്പിന് സന്നദ്ധത അറിയിച്ചതായി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
വിട്ടയക്കപ്പെട്ടവരിൽ കുറച്ചു പേർ മാത്രമാണ് പണമായി അഴിമതി തുക കൈമാറിയത്. അവശേഷിക്കുന്നവർ കെട്ടിടങ്ങളും കമ്പനി ഓഹരികളും വസ്തുവകകളുമാണ് കൈമാറിയത്. ഇവ വിൽപന നടത്തി പണമാക്കി മാറ്റുന്നതിന് സമയമെടുക്കുമെന്ന് അറ്റോർണി ജനറൽ പറഞ്ഞു. ഒത്തുതീർപ്പ് ധാരണയുണ്ടാക്കുന്നതിന് സന്നദ്ധരല്ലാത്തവർക്കെതിരായ കേസുകൾ കോടതികൾക്ക് കൈമാറും.
റിയാദിലെ ഏറ്റവും ആഡംബര ഹോട്ടലായ റിട്‌സ് കാൾട്ടനിൽ 492 മുറികളും സ്വീറ്റുകളുമുണ്ട്. ഫെബ്രുവരി 14 മുതലുള്ള ദിവസങ്ങളിലേക്ക് റിട്‌സ് കാൾട്ടൻ ഹോട്ടലിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ മുറിക്ക് ദിവസത്തിന് 2500 റിയാലാണ് ഏറ്റവും കുറഞ്ഞ വാടക.






