വിദ്വേഷ പ്രസംഗം; പി.ജെ. ജോസഫ് വിഭാഗം ന്യായീകരിച്ചു, ലീഗ് തിരിച്ചടിച്ചു

തിരുവനന്തപുരം- നാര്‍കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട പാലാ ബിഷപ്പിന്റെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ച യു.ഡി.എഫ് നേതൃയോഗത്തില്‍ വാക് പോര്. യോഗത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തി. ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് മുസ്ലീം ലീഗ് വിമര്‍ശിച്ചു.
പാലാ ബിഷിപ്പിന്റെ പ്രസ്താവനയില്‍ സര്‍വ്വകക്ഷി യോഗവും മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുമ്പോഴാണ് യു.ഡി.എഫില്‍ രണ്ട് പാര്‍ട്ടികള്‍ ചേരി തിരിഞ്ഞത്. ക്രൈസ്തവ സഭയ്ക്കുള്ളില്‍ വിശ്വാസികളോട് നടത്തിയ പ്രസംഗ ത്തെ ദുര്‍വ്യഖ്യാനം ചെയ്തുവെന്ന് പറഞ്ഞാണ് പാലാ ബിഷപ്പിനെ ജോസഫ് വിഭാഗം പിന്തുണച്ചത്. അവരുടെ സമൂഹത്തോട് മാത്രം പറഞ്ഞ കാര്യത്തെ ദുരുദ്ദേശത്തോടെ  കാണേണ്ടതില്ല. ബിഷപ്പിന്റെ പ്രസ്താവനയെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് അതിനെ വിശ്വാസത്തിലെടുക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. യു.ഡി.എഫിനൊപ്പം എപ്പോഴും ഉറച്ച് നില്‍ക്കുന്ന ക്രൈസ്തവ സഭയെ സംരക്ഷിക്കണം. പാലായിലേയും കടുത്തുരിത്തിയിലും യു.ഡി.എഫിന്റെ വിജയത്തിന് പിന്നില്‍ ക്രൈസ്തവ സഭയാണെന്ന് സൂചിപ്പിച്ചായിരുന്നു ജോസഫ് വിഭാഗം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രകോപനമുണ്ടാക്കിയതെന്നായിരുന്നു ലീഗിന്റെ നിലപാട്. ഇത് ഒഴിവാക്കാമായിരുന്നു. എന്നാല്‍, ഇനി പരിഹാരമുണ്ടാകുകയെന്നാണ് ആവശ്യമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. സമുദായ സൗഹാര്‍ദത്തിന് യു.ഡി.എഫ് മുന്‍കൈ എടുക്കാമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശം പിന്നീട് യു.ഡി.എ ഫ് അംഗീകരിക്കുകയായിരുന്നു.

 

 

Latest News