Sorry, you need to enable JavaScript to visit this website.

വിനാശകരമായ ആയുധങ്ങളിൽനിന്ന് മധ്യപൗരസ്ത്യദേശത്തെ മുക്തമാക്കേണ്ടത് പ്രധാനം-സൽമാൻ രാജാവ്

റിയാദ്- വിനാശകരമായ ആയുധങ്ങളിൽ നിന്ന് മധ്യപൗരസ്ത്യദേശത്തെ മുക്തമാക്കേണ്ടത് പ്രധാനമാണെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്. ആണവായുധം വികസിപ്പിക്കുന്നതിൽ നിന്ന് ഇറാനെ തടയാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നുവെന്നും ന്യൂയോർക്കിൽ 76-ാമത് യു.എൻ ജനറൽ അസംബ്ലിക്കു മുന്നിൽ വീഡിയോ കോൺഫറൻസ് രീതിയിൽ നടത്തിയ പ്രസംഗത്തിൽ രാജാവ് ആവശ്യപ്പെട്ടു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്ന് എന്നും പരസ്യമായി പറയുന്ന ഇറാൻ ഇതിന് വിരുദ്ധമായി നടത്തുന്ന പ്രവർത്തനങ്ങളിൽ സൗദി അറേബ്യക്ക് അങ്ങേയറ്റത്തെ ആശങ്കയുണ്ട്. എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ സൗദി അറേബ്യ മാനിക്കുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ സൗദി അറേബ്യ ഇടപെടുന്നില്ല. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധത്തിന് സൗദി അറേബ്യക്ക് അവകാശമുണ്ട്. സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ഒരു ശ്രമങ്ങളും ഒരിക്കലും അംഗീകരിക്കില്ല. 
കഴിഞ്ഞ മാർച്ചിൽ സൗദി അറേബ്യ മുന്നോട്ടുവെച്ച സമാധാന പദ്ധതി യെമൻ സംഘർഷത്തിന് അന്ത്യമുണ്ടാക്കാൻ പര്യാപ്തമാണ്. എന്നാൽ ഹൂത്തി മിലീഷ്യകൾ സമാധാന പോംവഴികൾ നിരാകരിക്കുകയാണ്. യെമനിൽ കൂടുതൽ പ്രദേശങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാക്കി മാറ്റാൻ സൈനിക നടപടിക്കാണ് ഹൂത്തികൾ മുൻഗണന നൽകുന്നത്. സൗദിയിൽ സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ ദിനേനെയെന്നോണം ഹൂത്തികൾ ആക്രമണങ്ങൾ നടത്തുന്നു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ആഗോള വിപണിയിൽ എണ്ണ ലഭ്യതക്കും ഹൂത്തികൾ ഭീഷണി സൃഷ്ടിക്കുകയാണ്. 1967 അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശം ഉറപ്പുവരുത്തുന്ന നിലക്ക് ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവവും ശാശ്വതവുമായ പരിഹാരം കാണണമെന്നും സൽമാൻ രാജാവ് പറഞ്ഞു. 
കൊറോണയിൽ നിന്നുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സൽമാൻ രാജാവ് പറഞ്ഞു. കൊറോണ മഹാമാരിയിൽ നിന്നുള്ള വീണ്ടെടുക്കൽ എല്ലാവരുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കുന്നതായി രാജാവ് പറഞ്ഞത്. കൊറോണ പ്രത്യാഘാതങ്ങൾ നേരിടാൻ സൗദി അറേബ്യ പ്രവർത്തിച്ചിട്ടുണ്ട്. കൊറോണ മഹാമാരി നേരിടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സൗദി അറേബ്യ 50 കോടി ഡോളർ സംഭാവന ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, മഹാമാരി ചെറുക്കുന്നതിന് വിവിധ രാജ്യങ്ങളെ സഹായിക്കാൻ 30 കോടി ഡോളറും നൽകിയിട്ടുണ്ട്. 
ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. ഒപെക് പ്ലസ് കൂട്ടായ്മയിലെ പങ്കാളികളുമായി സഹകരിച്ച് നടത്തുന്ന മുൻനിര ശ്രമങ്ങളിലും ജി-20 കൂട്ടായ്മയുടെ ഭാഗമായി നടത്തുന്ന ശ്രമങ്ങളിലും ഇത് പ്രകടമാണ്. ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലക്ക് ആഗോള എണ്ണ വിപണിയിൽ സ്ഥിരതയും സന്തുലനവും ശക്തമാക്കാൻ സൗദി അറേബ്യ പ്രവർത്തിച്ചിട്ടുണ്ട്. 
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെയും ലോകത്ത് ജീവകാരുണ്യ, വികസന മേഖലകളിൽ മുൻനിര പങ്ക് വഹിക്കുന്നത് തുടരാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അറബ്, ഇസ്‌ലാമിക ലോകത്ത് ഏറ്റവും കൂടുതൽ ജീവകാരുണ്യ, വികസന സഹായങ്ങൾ നൽകുന്ന രാജ്യമാണ് സൗദി അറേബ്യ. ആഗോള തലത്തിൽ ഏറ്റവുമധികം സഹായങ്ങൾ നൽകുന്ന മൂന്നു രാജ്യങ്ങളിൽ ഒന്നുമാണ് സൗദി അറേബ്യ. 
യു.എൻ സ്ഥാപകാംഗങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. സാൻഫ്രാൻസിസ്‌കോ ചാർട്ടർ ഒപ്പിട്ടതു മുതൽ യു.എൻ ഉദ്ദേശ്യങ്ങൾക്കും തത്വങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്താനും സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനും പരമാാധികാരവും സ്വാതന്ത്ര്യവും ബഹുമാനിക്കാനും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും യു.എൻ ചാർട്ടർ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് ബഹുസ്വര സഹകരണം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും സൽമാൻ രാജാവ് പറഞ്ഞു. 

Latest News