'ബ്രേക്ക് അപ്പ്' ആഘോഷമാക്കി യുവാവ്,  666-ാം ദിവസം ഊതിവീര്‍പ്പിച്ചത് 666 ഹൃദയ ബലൂണുകള്‍

തൃശൂര്‍-കുറ്റുമുക്ക് നെട്ടിശേരിയിലെ പാടത്തിന്റെ വശത്ത് യുവാവ് ഒറ്റയ്ക്ക് ഊതി നിറച്ചത് 666 ചുവന്ന ബലൂണുകള്‍. കാരണം ചോദിച്ചവരോടുള്ള മറുപടി ഇങ്ങനെ: 'ക്ടാവ് ബ്രേക്ക് അപ് ആയിപ്പോയിട്ട് 666 ദിവസമായി. ഇത്രയും ദിവസം കാത്തിരുന്നു. അതിന്റെ ഓര്‍മയ്ക്കായിട്ട് അത്രയും ബലൂണ്‍ ഇരിക്കട്ടേന്ന്' പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുന്ന ഇക്കാലത്ത് ചുവന്ന ഹൃദയം പോലുള്ള ബലൂണുകള്‍ ഉയര്‍ത്തി വികാരം പ്രകടിപ്പിച്ച യുവാവ് ഇതുകൂടി പറഞ്ഞു. 'പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ.' ഇന്നലെ രാവിലെയാണു ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്പിലെ റോഡിലെത്തിയത്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ ഓരോന്നായി ഊതി നിറച്ചു കെട്ടി. 666 ബലൂണുകള്‍ ഊതി നിറയ്ക്കാന്‍ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും വിടാതെ എണ്ണം തികച്ചു. വഴിയേ പോയവരൊക്കെ കൗതുകം കൊണ്ടു ചോദിച്ചു. എല്ലാവരോടും പ്രണയം മുറിഞ്ഞു പോയ കഥ തന്നെ പറഞ്ഞു. ബലൂണ്‍ കെട്ടിത്തീര്‍ന്നയുടന്‍ കക്ഷി സ്ഥലം വിടുകയും ചെയ്തു.
 

Latest News