Sorry, you need to enable JavaScript to visit this website.

കൊറോണ ആഘാതം; വീണ്ടെടുപ്പിന് എല്ലാവരുടേയും സഹകരണം ആവശ്യം-സല്‍മാന്‍ രാജാവ്

റിയാദ് - കൊറോണയില്‍ നിന്നുള്ള ആഗോള സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ 76-ാമത് യു.എന്‍ ജനറല്‍ അസംബ്ലിക്കു മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ നടത്തിയ പ്രസംഗത്തിലാണ് കൊറോണ മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കല്‍ എല്ലാവരുടെയും സഹകരണത്തെ ആശ്രയിച്ചിരിക്കുന്നതായി രാജാവ് പറഞ്ഞത്. കൊറോണ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സൗദി അറേബ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊറോണ മഹാമാരി നേരിടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ 50 കോടി ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ട്. ഇതിനു പുറമെ, മഹാമാരി ചെറുക്കുന്നതിന് വിവിധ രാജ്യങ്ങളെ സഹായിക്കാന്‍ 30 കോടി ഡോളറും നല്‍കിയിട്ടുണ്ട്.
ആഗോള സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. ഒപെക് പ്ലസ് കൂട്ടായ്മയിലെ പങ്കാളികളുമായി സഹകരിച്ച് നടത്തുന്ന മുന്‍നിര ശ്രമങ്ങളിലും ജി-20 കൂട്ടായ്മയുടെ ഭാഗമായി നടത്തുന്ന ശ്രമങ്ങളിലും ഇത് പ്രകടമാണ്. ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലക്ക് ആഗോള എണ്ണ വിപണിയില്‍ സ്ഥിരതയും സന്തുലനവും ശക്തമാക്കാന്‍ സൗദി അറേബ്യ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെയും ലോകത്ത് ജീവകാരുണ്യ, വികസന മേഖലകളില്‍ മുന്‍നിര പങ്ക് വഹിക്കുന്നത് തുടരാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അറബ്, ഇസ്‌ലാമിക ലോകത്ത് ഏറ്റവും കൂടുതല്‍ ജീവകാരുണ്യ, വികസന സഹായങ്ങള്‍ നല്‍കുന്ന രാജ്യമാണ് സൗദി അറേബ്യ. ആഗോള തലത്തില്‍ ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുന്ന മൂന്നു രാജ്യങ്ങളില്‍ ഒന്നുമാണ് സൗദി അറേബ്യ.
യു.എന്‍ സ്ഥാപകാംഗങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. സാന്‍ഫ്രാന്‍സിസ്‌കോ ചാര്‍ട്ടര്‍ ഒപ്പിട്ടതു മുതല്‍ യു.എന്‍ ഉദ്ദേശ്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനും സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും പരമാാധികാരവും സ്വാതന്ത്ര്യവും ബഹുമാനിക്കാനും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും യു.എന്‍ ചാര്‍ട്ടര്‍ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് ബഹുസ്വര സഹകരണം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

 

 

Latest News