ബംഗളൂരു- മൈസൂരുവില്‍ ബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ഥിനി പോലീസിന്റെ നിരന്തര ശ്രമത്തിനൊടുവില്‍ ഒരു മാസത്തിനുശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴില്‍ നല്‍കി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആണ് ഇക്കാര്യം സംസ്ഥാന നിയമസഭയെ അറിയിച്ചത്.
മൈസൂരുവിലെ സെക്കന്‍ഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഓഗസ്റ്റ് 24 നാണ് മൊഴി രേഖപ്പെടുത്തിയത്.
ഒരു മാസം പോലീസ് കഠിന ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയാറായതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ബലാത്സംഗ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കി. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ ഇരയുടെ മൊഴി നിര്‍ണായകമാണ്. ഇരയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പെണ്‍കുട്ടിയും സുഹൃത്തും ചാമുണ്ഡി ഹില്‍സ് റോഡിനു സമീപം എത്തിയപ്പോഴാണ് ഒരു സംഘം തടഞ്ഞുവെച്ച് വിട്ടയക്കാന്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സുഹൃത്തിനെ മര്‍ദിച്ച സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം വിദ്യാര്‍ഥിനി മുംബൈയിലേക്ക് മടങ്ങിയിരുന്നു. 17-28 പ്രായക്കാരായ ആറു യുവാക്കളാണ് കേസില്‍ പിടിയിലായത്.






