റിയാദ് - സ്വദേശികളും വിദേശികളും അടക്കം മൂന്നര കോടിയിലേറെ വരുന്ന സൗദി ജനതയും സര്‍ക്കാര്‍ വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും രാജ്യത്തിന്റെ 91-ാം ദേശീയദിനാഘോഷത്തിന്റെ ലഹരിയില്‍. പ്രധാന നഗരങ്ങളെല്ലാം ഹരിത പതാകകളും ഹരിത വര്‍ണങ്ങളാലും നഗരസഭകള്‍ അലങ്കരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വകുപ്പ് ആസ്ഥാനങ്ങളും മന്ത്രാലയങ്ങളും ഷോപ്പിംഗ് മാളുകളും സ്വകാര്യ കമ്പനി ആസ്ഥാനങ്ങളുമെല്ലാം ഹരിതവര്‍ണമണിഞ്ഞിരിക്കുന്നു. എങ്ങും ദേശീയദിനാഘോഷം നേര്‍ന്ന് ഭരണാധികാരികളുടെ ഫോട്ടോകള്‍ അടങ്ങിയ ഫഌക്‌സുകളും ഡിജിറ്റല്‍ ബോര്‍ഡുകളുമാണ്. ദേശീയദിനാഘോഷത്തിന്റെ ഭാഗമായ വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് വിവിധ നഗരങ്ങളില്‍ ദിവസങ്ങള്‍ക്കു മുമ്പു തന്നെ തുടക്കമായിട്ടുണ്ട്. സൗദിയിലെ ഏറ്റവും വലിയ ദേശീയപതാക ജിദ്ദയുടെ മാനത്ത് ഉയര്‍ത്തി ഹെലികോപ്റ്റര്‍ നഗരത്തെ വലയംവെച്ചു.
ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഹരിത വര്‍ണത്തില്‍ അലംകൃതയായ റിയാദിലെ തൂക്കുപാലം വിസ്മയ കാഴ്ചയായി. ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രാലയമാണ് സൗദിയിലെ ഏറ്റവും വലിയ തൂക്കുപാലം അലങ്കരിച്ചത്. രണ്ടായിരാമാണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന് 763 മീറ്റര്‍ നീളമുണ്ട്. 179, 405, 179 മീറ്റര്‍ വീതം ഉയരമുള്ള മൂന്നു തൂണുകളിലാണ് തൂക്കുപാലം നിര്‍മിച്ചിരിക്കുന്നത്. 35.8 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ മധ്യത്തില്‍ 5.4 മീറ്റര്‍ വീതിയുള്ള ഡിവൈഡറുമുണ്ട്.
ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഹരിത വര്‍ണത്താല്‍ അലങ്കരിച്ചു. സൗദി അറേബ്യയും അമേിരിക്കയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ നിദര്‍ശനമായി 91-ാമത് സൗദി ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനം സെപ്റ്റംബര്‍ 22 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഹരിത വര്‍ണത്തില്‍ മിന്നിത്തിളങ്ങുമെന്ന് ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സല്‍ ജനറലും ഒ.ഐ.സിയിലെ അമേരിക്കന്‍ പ്രതിനിധിയുമായ ഫാരിസ് സഅദ് പറഞ്ഞു.